mt

തൊടുപുഴ: മലയാളത്തിന്റെ മഹാകഥാകാരൻ എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷത്തിന് സാക്ഷിയായതിന്റെ കുളിരോർമ്മയിലാണ് കുടയത്തൂരെന്ന കൊച്ചുഗ്രാമം. രണ്ട് വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2022 ജൂലായ് 17ന് 'ഓളവും തീരവും' സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു നവതിയിലേക്ക് ചുവടുവയ്ക്കുന്ന എം.ടിയുടെ പിറന്നാളാഘോഷം. എം.ടിയുടെ തിരക്കഥയിൽ 1969ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും' സിനിമ അരനൂറ്റാണ്ടിന് ശേഷം പ്രിയദർശൻ ടീം റീമേക്ക് ചെയ്യുകയായിരുന്നു. മോഹൻലാൽ ബാപ്പൂട്ടിയും ദുർഗാകൃഷ്ണ നബീസുവുമായി വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളായി തൊടുപുഴയുടെ പരിസരപ്രദേശങ്ങളിലാണ് നടന്നിരുന്നത്. ഇതിനിടെ മലയാള സാഹിത്യ ലോകത്തെ കുലപതി എം.ടി വാസുദേവൻ നായരുടെ 89-ാം ജന്മദിനം ലൊക്കേഷനിൽ ആഘോഷിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ആലോചിക്കുകയായിരുന്നു. 17ന് രാവിലെ സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയായ മകൾ അശ്വതിക്കൊപ്പമാണ് എം.ടി ലൊക്കേഷനിലെത്തിയത്. ഉച്ചവരെ അദ്ദേഹം ഷൂട്ടിംഗ് സെറ്റിൽ തന്റെ പ്രിയ കഥാപാത്രങ്ങൾക്കൊപ്പം ചെലവഴിച്ചു. ഒരു മണിയോടെ ഷൂട്ടിംഗിന് ഇടവേള നൽകി. ചെളിനിറഞ്ഞ മണ്ണിലൂടെ മുണ്ടുമടക്കി കുത്തി എം.ടി വേദിയിലേക്ക് നടന്നെത്തി. മോഹൻലാൽ, പ്രിയദർശൻ, ക്യാമറാമാൻ സന്തോഷ് ശിവൻ, നടി ദുർഗ കൃഷ്ണ, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, ശ്രീകാന്ത് മുരളി എന്നിവർക്കൊപ്പം മറ്റ് നടീനടന്മാരും കലാകാരന്മാരും ഒപ്പം ചേർന്നു. വേദിയിലൊരുക്കിയ പിറന്നാൾ കേക്ക് എം.ടി മുറിച്ചു. ഇതിന് ശേഷം ലൊക്കേഷനിൽ ഒരുക്കിയ പിറന്നാൾ സദ്യയും ഏവർക്കുമൊപ്പം അദ്ദേഹം കഴിച്ചു. രണ്ട് മണിയോടെ ലൊക്കേഷനിൽ നിന്ന് എം.ടി മടങ്ങി. ഇഷ്ട കഥാകാരനെ ഒരു നോക്ക് കാണാൻ ഇടുക്കിയുടെ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും നൂറുകണക്കിന് പേ‌ർ അന്ന് ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയിരുന്നു.