 
തൊടുപുഴ: ഗ്രാമോത്സവ് 2024 ന്റെ ഭാഗമായി കിസാൻ സർവ്വീസ് സൊസൈറ്റി (കെ.എസ്.എസ് ) തൊടുപുഴ സെൻട്രലിന്റെ ആഭിമുഖ്യത്തിൽ ദേശീയ കർഷ ദിനാചരണവും മികച്ച ക്ഷീരകർഷകനെ ആദരിക്കലും നടന്നു.
യൂണിറ്റ് പ്രസിഡന്റ് അതുല്യ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു ഉദ്ഘാടനം നിർവ്വഹിച്ചു. അമ്പത് വർഷത്തിലേറെയായി കാർഷിക മേഖലയിൽ സേവനം നൽകി വരുന്ന മികച്ച ക്ഷീരകർഷകനായ ചീമ്പാറയിൽ മാത്യു തോമസിനെ (ടോമി) കേരള ഹോട്ടൽസ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എൻ. ബാബു പൊന്നാടയും ഫലകവും നൽകി ആദരിച്ചു. മുനിസിപ്പൽ കൃഷി ഓഫീസർ സെൽമ കർഷകർക്കുവേണ്ടി സർക്കാർ നടപ്പാക്കി വരുന്ന വിവിധ പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും വിവരിച്ച് ക്ലാസ് നയിച്ചു.
കാർഷിക മേഖലയിൽ കൂട്ടായ്മകൾസംഘടിപ്പിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഗ്രാന്റുകളും മറ്റും വാങ്ങി നൽകിയും സമഗ്രപുരോഗതിക്കുള്ള സെമിനാറുകൾ സംഘടിപ്പിച്ചും വിഷരഹിത കാർഷിക ഉത്പന്നങ്ങൾ സമൂഹത്തിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.എസ് ഭാരവാഹികൾ പറഞ്ഞു. റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ കെ.എസ്. സോമൻ സ്വാഗതം പറഞ്ഞു. പ്രൊഫ. മെജോ, ശ്രീനിവാസൻ, ജയകുമാർ, സലാം എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സോജൻ ചെമ്പരത്തി നന്ദി പറഞ്ഞു.