തൊടുപുഴ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നടത്തി വന്ന സംസ്ഥാന സബ്ജൂനിയർ ഫാസ്റ്റ് 5 നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിലെ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ചാമ്പ്യൻമാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം രണ്ടാം സ്ഥാനവും പാലക്കാടും തിരുവനന്തപുരവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ജില്ല രണ്ടാം സ്ഥാനവും വയനാടും ആലപ്പുഴയും മൂന്നാം സ്ഥാനം പങ്കിടുകയും ചെയ്തു.
വിജയികൾക്ക് തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ട്രോഫിയും മെഡലുകളും സമ്മാനിച്ചു. സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എസ്. നജുമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ മെമ്പർ കെ.എൽ.ജോസഫ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. ശശിധരൻ നായർ, സംസ്ഥാന എകിസ്‌ക്യൂട്ടീവ് അംഗം എൻ. രവീന്ദ്രൻ, സംഘാടക സമിതി ചെയർമാൻ പ്രൊഫ. പി.ജി. ഹരിദാസ്, വിദ്യാലയ വികസന സമിതി സെക്രട്ടറി സുന്ദരരാജൻ, സ്‌പോർട്സ് അസോസിയേഷൻ ഭാരവാഹികളായ ഡോ. ബോബു ആന്റണി എ.പി. മുഹമ്മദ് ബഷീർ ആർ. മോഹൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ ഭാരവാഹികളായ ജോർജ്ജ് റോജി ആന്റണി സ്വാഗതവും ലിഖിയാ ഷാന്റോ പുൽപ്പറമ്പിൽ നന്ദിയും പറഞ്ഞു. ദേശീയ സബ്ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് 5 മത്സരത്തിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീം അംഗങ്ങളെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്തു.