
കട്ടപ്പന: തൊഴിലിടങ്ങളിലെ വൈഷമ്യതകളെല്ലാം മറന്ന് 'അതിഥി'കൾ ആടിപ്പാടി, അർമാദിച്ചു. അന്യ സംസ്ഥാന തൊഴിലാളികൾക്കായി കട്ടപ്പന പവർ ഇൻ ജീസസ് കട്ടപ്പന സിഎസ്‌ഐ ഗാർഡനിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം വേറിട്ടതായി മാറി. വടക്കേ ഇന്ത്യൻ ഗോത്രവർഗക്കാരുടെ പരമ്പരാഗത നൃത്തത്തോടെയാണ് ചടങ്ങിലേക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്. ഹിന്ദി, സന്താളി, ശാദ്രി, ആസാമീ, ബംഗാളി, നേപാളി, ഒഡിഷ, പഞ്ചാബി, മിസോ, തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ തൊഴിലാളികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കട്ടപ്പന സെന്റ് ജോൺസ് സി.എസ്.ഐ പള്ളി വികാരി റവ. ഡോ. ബിനോയി പി ജേക്കബ് ഉദ്ഘാടനം ചെയ്തു. അപകടത്തിൽപ്പെട്ടഅന്യസംസ്ഥാനക്കാരിക്ക് ചികിത്സാസഹായം നൽകി എം സി ബിജു, ഒ ജെ ബേബി എന്നിവരെ കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ആദരിച്ചു.
മികച്ച തൊഴിൽദാതാക്കളെ എച്ച്സിഎൻ എം.ഡി ജോർജി മാത്യു അനുമോദിച്ചു. ബ്രദർ വിൻസന്റ് തോമസ് അദ്ധ്യക്ഷനായി. തങ്കച്ചൻ പുരയിടം, ജേക്കബ് അബ്രഹാം, പാസ്റ്റർമാരായ യു.എ. സണ്ണി, ടി.എ. അബ്രഹാം, മോൻസി മാത്യു, രാജേഷ് കട്ടപ്പന, തുടങ്ങിയവർ സംസാരിച്ചു.