തൊടുപുഴ: മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭാവനകൾ നൽകിയ മഹാ പ്രതിഭയായിരുന്നു എം.ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ കടൽ. മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു. ചെറുകഥകളിലൂടെ നോവലുകളിലൂടെ തിരക്കഥകളിലൂടെയൊക്കെ. വള്ളുവനാടൻ മിത്തുകളും ശൈലികളും വായനക്കാർക്ക് കടം തന്ന കഥാകാരൻ. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു ഓരോ എം.ടി കഥകളും. കരിമ്പനകളെപ്പോലും കടപുഴക്കിയെറിയാൻ ശേഷിയുള്ള കാറ്റ്. ആദ്യ നോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ്, ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം. എം.ടിയുടെ മൗനം വാചാലമാവുന്നത് തൂലികയിലൂടെയാണ്. വാക്കുകളുടെ ഒഴുക്ക്, ആശയങ്ങളുടെ ലാളിത്യം, ഭാഷയുടെ സൗന്ദര്യം ഇതാണ് ഓരോ എം.ടി കഥകളുടെയും മുഖമുദ്ര. എത്ര തലമുറകൾ വായിച്ചിട്ടും മടുക്കുന്നില്ല എം.ടി എന്ന നോവലിസ്റ്റിനെ. ചെറുകഥകളിലൂടെ വളർന്നു പന്തലിച്ച് നോവൽ എന്ന ക്യാൻവാസും കടന്ന് വെള്ളിത്തിരയിലെ തിരക്കഥകളിൽ കൈയ്യൊപ്പ് പതിപ്പിച്ചു നിൽക്കുന്നു. എം.ടിയുടെ വേർപാട് തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.