കട്ടപ്പന: നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.പി.എം നേതാവിനെ തൊടാതെ അന്വേഷണ സംഘം ഒളിച്ചു കളിക്കുന്നെന്ന ആരോപണം ശക്തമാകുന്നു. കേസിൽ സൊസൈറ്റി ജീവനക്കാരെ ബലിയാടാക്കി കേസ് തീർക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കട്ടപ്പന റൂറൽ ഡവലപ്പ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന കട്ടപ്പന മുരിങ്ങാശേരിയിൽ സാബുവാണ് സൊസൈറ്റി കെട്ടിടത്തിനു മുമ്പിൽ ജീവനൊടുക്കിയത്. സാബുവിന്റെ പക്കൽ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിൽ സൊസൈറ്റി ജീവനക്കാരിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ സൊസൈറ്റിയുടെ മുൻ പ്രസിഡന്റും മുൻ സി.പി.എം കട്ടപ്പന ഏരിയാ സെക്രട്ടറിയുമായിരുന്ന വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ഫോൺ സംഭാഷണവും പുറത്തു വന്നു. സാബുവിന്റെ മരണത്തിന് പിന്നാലെ ഭാര്യ അടക്കമുള്ളവർ സജിയുൾപ്പെടെയുള്ളവരുടെ ഭീഷണിയെ തുടർന്ന് സാബു സമ്മർദത്തിലായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി.ആർ. സജിയെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും പൊലീസും സ്വീകരിച്ചു വരുന്നതെന്നാണ് ആക്ഷേപം. കേസിൽ സൊസൈറ്റി ജീവനക്കാരായ സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. പൊലീസ് നടപടിക്ക് തൊട്ടു മുമ്പ് ഇവരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ബാങ്കും വാർത്താകുറിപ്പിറക്കി. അതേസമയം സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും സജിക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ഭയക്കുന്നത് ഭരണ കക്ഷിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണെന്ന ആരോപണവും ശക്തമാണ്. കോൺഗ്രസും ബി.ജെ.പിയും അടക്കം ഇക്കാര്യത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.