തൊടുപുഴ: സാമ്പത്തിക ഭരണ രംഗങ്ങളിൽ ഇന്ത്യയെ മുൻപന്തിയിൽ എത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മികച്ച ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. ഉദാരവത്കരണ നയങ്ങളിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയിട്ട അദ്ദേഹം തൊഴിലുറപ്പ് നിയമം നടപ്പാക്കി അടിസ്ഥാന ജനവിഭാഗങ്ങളെ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തുന്നതിലും വൈദഗ്ദ്ധ്യം കാട്ടി. ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച മൻമോഹൻ സിംഗിന്റെ വേർപാട് തീരാ നഷ്ടമാണ്. ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങളും കാർഷിക വായ്പ എഴുതിത്തള്ളൽ തുടങ്ങിയ ജനോപകരപ്രദങ്ങളായ നടപടികളാലും ഏവരുടെയും ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും ജോസഫ് പറഞ്ഞു.