pillar
തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ ദ്രവിച്ച് വീഴാറായ ബി.എസ്.എൻ.എൽ പില്ലർ

തൊടുപുഴ: കാൽനടക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി പഴകി ദ്രവിച്ച ബി.എസ്.എൻ.എൽ ഇരുമ്പ് പില്ലറുകൾ. 25 വർഷം മുമ്പ് സ്ഥാപിച്ചതും ഇപ്പോൾ ഏതാണ്ട് ഉപയോഗ ശൂന്യവുമായ ഇരുമ്പ് പില്ലറുകളാണ് നോക്കുകുത്തികളായി നിൽക്കുന്നത്. പില്ലറുകളിൽ ഭൂരിഭാഗവും അടിഭാഗം ദ്രവിച്ച് ഏതു സമയത്തും വീഴാറായ അവസ്ഥയിലാണ്. തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ പ്രകാശ് പമ്പിന് എതിർവശത്ത് വഴിവക്കിൽ രണ്ട് പില്ലറുകളാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കാൽനടക്കാർക്കും ഇത് വലിയ തടസവും ഭീഷണിയുമാണ്. ഇവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ ഡിവിഷനൽ മാനേജർക്ക് പല വട്ടം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് സമീപത്തെ വ്യാപാരികൾ ആരോപിച്ചു.