photo
അബ്ദുൾ റസാഖ് വീടിന്റെ ടെറസിൽ വരച്ച ചിത്രത്തിന്റെ ആകാശകാഴ്ച

കുമളി: ഭരണഘടനാ ശില്പി ഡോക്ടർ ബി. ആർ. അംബേദ്കർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുമളിയിൽ കൂറ്റൻ ചിത്രം വരച്ച് ചിത്രകാരൻ കെ.എ. അബ്ദുൾ റസാഖ്. കേന്ദ്രമന്ത്രി അമിത്ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ അംബേദ്കറെ അപമാനിച്ചതിൽ പ്രതിഷേധിച്ചും അംബേദ്കർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ആയിരം ചതുരശ്ര അടി വലിപ്പത്തിലുള്ള കൂറ്റൻ ചിത്രം വീടിന്റെ ടെറസിന് മുകളിൽ അബ്ദുൾ റസാഖ് വരച്ചത്. രണ്ടുദിവസം സമയമെടുത്താണ് സൺ പാക്ക് ഷീറ്റിൽ കറുത്ത പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ചത്. വീടിന്റെ വാർക്കയുടെയും വശത്തെ റൂഫിങിന് മുകളിലുമായാണ് ചിത്രവും പേരും തീർത്തത്. വരച്ച തറയിൽ നിന്ന് നോക്കിയാൽ വ്യക്തിയെയും മുഖ ഭാവവും തിരിച്ചറിയാൻ കഴിയില്ല. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യത്തിലൂടെയാണ് യഥാർത്ഥ മുഖം വ്യക്തമാവൂ. അബ്ദുൾ റസാഖ് നാലാം തവണയാണ് കൂറ്റൻ ചിത്രം വരയ്ക്കുന്നത്. ലെനിന്റെ നൂറാം ചരമദിനത്തിൽ 3200 ചതുരശ്ര അടി വലുപ്പത്തിലുള്ള ചിത്രവും മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ 2800 ചതുരശ്ര അടി വലിപ്പത്തിലുമുള്ള ചിത്രവും തീർത്തിട്ടുണ്ട്. കഴിഞ്ഞ 1250 ദിവസമായി മുടങ്ങാതെ ഓൺലൈൻ പ്രദർശനം നടത്തിവരുന്ന അബ്ദുൾ റസാഖ് ഇതിനകം 13000ത്തിൽ പരം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.