painavu
പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ നടന്ന അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം.എം. നജീം ഉദ്ഘാടനം ചെയ്യുന്നു

പൈനാവ് : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കി പഴയപെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്ക് അതിജീവന പോരാട്ടത്തിന്റെ ഐതിഹാസിക ഏടായി മാറുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം.എം നജീം പറഞ്ഞു. പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ നടന്ന അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി ജില്ലാതല സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം നജീം. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. രമേശ്, കെ.ജി.ഒ.എഫ് ജില്ലാ ട്രഷറർ അഭിജിത്ത്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.വി സാജൻ, ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് എന്നിവർ സംസാരിച്ചു. ജനുവരി മൂന്നിന് ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകുന്നതിനും 15, 16, 17 തീയതികളിൽ ജില്ലാവാഹന പ്രചരണ ജാഥകൾ സംഘടിപ്പിക്കുന്നതിനും ജില്ലയിലെമ്പാടും വ്യാപകമായ പ്രചരണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും കൺവെൻഷൻ തീരുമാനമെടുത്തു. ജില്ലാ കൺവെൻഷന് തുടർച്ചയായി എല്ലാ മേഖലാതലത്തിലും സമര സമിതി കൺവെൻഷനുകൾ ചേരുന്നതിനും തീരുമാനിച്ചു. അദ്ധ്യാപകസർവീസ് സംഘടന സമരസമിതി ജില്ലാ കൺവീനർ ഡി. ബിനിൽ സ്വാഗതവും ജോയിന്റ് കൗൺസിൽ വനിതാ കമ്മറ്റി ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ നന്ദിയും പറഞ്ഞു.