ഇടുക്കി: മാധവ് ഗാഡ്ഗിൽ- കസ്തുരിരംഗൻ റിപ്പോർട്ടുകൾ ഇടുക്കിയിലെ കുടിയേറ്റ കർഷകരെ തുറിച്ചു നോക്കിയപ്പോൾ,  ഡോ. ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ടു പ്രകാരം വാസസ്ഥലവും കൃഷിഭൂമിയും തോട്ടങ്ങളും ഇ.എസ്.എയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി
കരടു വിഞ്ജാപനം ഇറക്കിയ ഡോ. മൻമോഹൻ സിംഗ് സർക്കാരിനെ ഇടുക്കിക്കാർ മാത്രമല്ല പരിസ്ഥിതിലോല മേഖലയിലുള്ള ഒരാൾക്കും മറക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ്
സി.പി. മാത്യു പറഞ്ഞു. 10 വർഷം കഴിഞ്ഞിട്ടും അതിൽ ഒരു മാറ്റവും വരുത്താൻ
ബി.ജെ.പി സർക്കാരിനു കഴിഞ്ഞിട്ടുമില്ല. സമരക്കാർ ആക്ഷേപിച്ച പോലെ ഒരു കർഷകനെപ്പോലും കുടിയിറക്കേണ്ടി വന്നുമില്ല. എട്ടു വർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനും 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനും അന്തിമ വിഞ്ജാപനത്തിനുള്ള നടപടി സ്വീകരിക്കാനും സാധിച്ചിട്ടില്ല. പി.ടി. തോമസ് എം.പിയുടെ ശുപാർശ പ്രകാരം രണ്ടു ദേശീയപാതകളെ യോജിപ്പിച്ചും മൂന്നാറിനെയും തേക്കടിയെയും കൂട്ടിയോജിപ്പിച്ചും പുതിയ ദേശീയപാത അടിമാലി- കുമളി (എൻ.എച്ച് 185) പ്രഖ്യാപിച്ചതും ഇടുക്കിയുടെ വികസനത്തിന്റെ നാഴികക്കല്ലായി മാറി.
കൊച്ചി - മധുര, കൊല്ലം - കുമളി ദേശീയപാതകൾ വികസിപ്പിക്കാൻ നടപടി ആരംഭിച്ചതും പി. ടി തോമസ് എം.പിയായിരുന്ന രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. പൈനാവിലെ കേന്ദ്രവിദ്യാലയം, വിമുക്തഭടൻമാർക്കായുള്ള ക്ലിനിക്, എല്ലാം മൻമോഹൻ സിംഗിന്റെ കൈയ്യൊപ്പ് പതിഞ്ഞാണെന്നും സി.പി മാത്യു പറഞ്ഞു.