കട്ടപ്പന: ഉത്പാദനക്കുറവിനിടയിലും കാപ്പിക്കുരു വില കുതിച്ചുയർന്ന് വിപണിയിൽ റെക്കാഡ് വിലയിലെത്തി. റോബസ്റ്റ പരിപ്പിന് കിലോ 400 രൂപയാണ്. തൊണ്ടോടുകൂടിയതിന് 240 രൂപയും. രണ്ടുവർഷം മുമ്പ് 200ൽ താഴെ മാത്രമായിരുന്നു പരിപ്പിന് വില. അറബിക്ക പരപ്പിന് 430 രൂപയും തൊണ്ടോടുകൂടിയതിന് 250 രൂപയുമാണ്. അതേസമയം ഏലംകൃഷി വ്യാപനത്തോടെ ജില്ലയിൽ കാപ്പിക്കൃഷി നാമമാത്രമായി ചുരുങ്ങി. ഉത്പാദനക്കുറവാണ് ഇപ്പോഴത്തെ വില വർദ്ധനയ്ക്ക് കാരണം. കാപ്പിപ്പൊടി വില 650 രൂപയായി. അറബിക്ക, റോബസ്റ്റാ ഇനത്തിൽപ്പെട്ട കാപ്പിയാണ് ജില്ലയിൽ കൂടുതലായി കൃഷി ചെയ്യുന്നത്. അറബിക്ക ഇനത്തിൽപ്പെട്ട കുരുവിനാണ് വില കൂടുതൽ. ഉൽപാദനത്തിലെ ഇടിവും കയറ്റുമതി വർദ്ധിച്ചതും വില കൂടാൻ കാരണമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉത്പാദനത്തിൽ 50 ശതമാനത്തിലേറെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഏലംകൃഷി വ്യാപനത്തോടെ ഒരുപതിറ്റാണ്ട് മുമ്പേ കർഷകർ കാപ്പി വ്യാപകമായി വെട്ടിമാറ്റിയിരുന്നു. കാപ്പിത്തോട്ടങ്ങളും ജില്ലയിൽ നിന്ന് അപ്രത്യക്ഷമായി. കൂടാതെ, രോഗബാധയും മഹാപ്രളയത്തിനുശേഷമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും വരൾച്ചയും ഉത്പാദനം കുത്തനെ കുറച്ചു. കമ്പോളങ്ങളിൽ കാപ്പിക്കുരുവിന്റെ വരവ് കുറഞ്ഞത് മില്ലുടമകൾക്കും തിരിച്ചടിയായി. ഇതോടെ വൻ തുക നൽകി വ്യാപാരികളിൽ നിന്ന് കാപ്പിക്കുരു വാങ്ങേണ്ട സ്ഥിതിയിലാണ് മില്ലുടമകൾ. കൂടാതെ അണ്ണാൻ, മരപ്പട്ടി, കിളികൾ എന്നിവ കാപ്പിക്കുരു തിന്ന് നശിപ്പിക്കുന്നതും ഇവറ്റകളുടെ ശല്യം പ്രതിരോധിക്കാൻ മാർഗമില്ലാത്തതും കർഷകരുടെ പ്രതീക്ഷ തകർക്കുന്നു.
കോഫീ ബോർഡ് സംഭരിക്കുന്നില്ല
കാപ്പിക്കുരു സംഭരിക്കുന്നത് ഇപ്പോൾ കോഫി ബോർഡ് നിറുത്തലാക്കി. നിലവിൽ കാപ്പിപ്പൊടി നിർമ്മിക്കുന്ന ചെറിയ കമ്പനികൾക്കാണ് കർഷകർ കാപ്പിക്കുരു നൽകുന്നത്. നിലവിൽ കാപ്പിയ്ക്ക് വിലയുണ്ടായിട്ടും കർഷകന് ന്യായമായ വില ലഭിക്കുന്നില്ല. കമ്പനികൾ വിൽക്കുന്ന കാപ്പിപൊടിയിൽ തിപ്പൊലി എന്ന തവിട് മാതൃകയിലുള്ള വസ്തു ചേർത്താണ് വിപണിയിൽ എത്തുന്നത്.