പരുന്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ആരംഭിച്ച കുതിര സവാരി

തൊടുപുഴ: ക്രിസ്തുമസ് ആഘോഷിക്കാൻ മലകയറി ഇടുക്കിയിലേക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് എത്തിയത് റെക്കാഡ് സന്ദർശകർ. ക്രിസ്തുമസ് ദിനത്തിലും പിറ്റേന്നും വൻ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. ക്രിസ്തുമസ് ദിനമായ ബുധനാഴ്ച 29,184 സഞ്ചാരികളാണ് ഡി.ടി.പി.സിയുടെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചത്. വ്യാഴാഴ്ച 29,167 പേർ സന്ദർശനം നടത്തി. ക്രിസ്തുമസ് തലേന്ന് 18,263 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തിയിരുന്നു. വാഗമൺ മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലുമാണ് കൂടുതൽ പേരെത്തിയത്. ക്രിസ്തുമസ് ദിനത്തിൽ മൊട്ടക്കുന്നിൽ 7867 പേരും അഡ്വഞ്ചർ പാർക്കിൽ 7552 പേരും സന്ദർശനം നടത്തി. വ്യാഴാഴ്ച മൊട്ടക്കുന്നിൽ 8302 പേരും അഡ്വഞ്ചർ പാർക്കിൽ 9515 പേരും സന്ദർശനം നടത്തി. രാമക്കൽമേട്, പാഞ്ചാലിമേട്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലും കൂടുതൽ പേരെത്തി. രാമക്കൽമേട്ടിൽ ക്രിസ്തുമസ് ദിനത്തിൽ 3009 പേരും പിറ്റേന്ന് 1967 പേരും സന്ദർശനം നടത്തി. പാഞ്ചാലിമേട്ടിൽ 2454, 1923 എന്നിങ്ങനെയും മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 3637, 3180 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. കഴിഞ്ഞ 20 മുതൽ 26 വരെ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രം 1,54,682 വിനോദ സഞ്ചാരികൾ സന്ദർശനം നടത്തി. വനംവകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികൾ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായെത്തി.

പരുന്തുംപാറയിലെത്തുന്നവർക്ക് ഇനി കുതിരപ്പുറത്ത് കയറാം

പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് കോടമഞ്ഞും ഇളംകാറ്റും അനുഭവിക്കുന്നതോടൊപ്പം തന്നെ ഇനി കുതിരപ്പുറത്ത് കയറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കറങ്ങാം. ഇപ്പോൾ രണ്ടു കുതിരകളെയാണ് സവാരിക്കായി എത്തിച്ചിട്ടുള്ളത്. ഒരു ട്രിപ്പ് യാത്ര ചെയ്യുന്നതിന് 150 രൂപയാണ് ചാർജ്ജ്. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം കേന്ദ്രമായ പരുന്തുംപാറയിൽ കുതിര സവാരിയുടെ ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച രണ്ട് കുതിരകളാണ് ഇപ്പോൾ സവാരിക്കായി ഇവിടെ ഉപയോഗിച്ചുവരുന്നത്. ടൂറിസ്റ്റുകളുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ കുതിരകളെ എത്തിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത്‌ മെമ്പർ എ. രാമൻ അദ്ധ്യക്ഷത വഹിച്ചു. പീരുമേട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ജെ. തോമസ്,​ മെമ്പർമാരായ പി. എബ്രഹാം, സബീന താഹ, ബീന ജോസഫ്, പൊതുപ്രവർത്തകരായ സി.ആർ. സോമൻ, വൈ.എം. ബെന്നി എന്നിവർ സംസാരിച്ചു.