തൊടുപുഴ: ഉടുമ്പൻചോല സ്ലീവാമല സെന്റ് ബെനഡിക്ട് എൽ.പി സ്കൂളിൽ വിദ്യാർത്ഥിയെക്കൊണ്ട് ഛർദിൽ മാലിന്യം കോരിക്കളയിച്ച സംഭവത്തിൽ പ്രതിഷേധവുമായി ദളിത് സംരക്ഷണ സമിതി. കേസിൽ പ്രതിയായ അദ്ധ്യാപിക മരിയാ മാത്യുവിനെ അറസ്റ്റ് ചെയ്ത്‌ കോടതിയിൽ ഹാജരാക്കേണ്ട പൊലീസ് തെളിവുകൾ നശിപ്പിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാക്ഷികളെ സ്വാധീനിച്ച്‌ കേസ് അട്ടിമിറിക്കാൻ പ്രതിയെ സഹായിക്കുന്നു. വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി ഛർദിൽ മാലിന്യം കോരിക്കളയിച്ചത് ജാതി വിവേചനപരവും കുറ്റകരവുമാണ്. നവംബർ 13ന് സംഭവമുണ്ടായിട്ടും 30ന് പുലർച്ചെയാണ് അദ്ധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. വിദ്യാർത്ഥിക്ക് നീതി ഉറപ്പാക്കുക, പ്രതിയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഞായർ വൈകിട്ട് നാല് മുതൽ എട്ടുവരെ കുത്തുങ്കൽ സിറ്റിയിൽ സമിതിനേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തും. സി.എസ്.ഡി.എസ് പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്യും. അഡ്വ. പി.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദളിത് സംഘടനാനേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വിദ്യാർത്ഥിയുടെ അമ്മ, എം.കെ. ദാസൻ, ജിജി മോൻ തോമസ്, സിജോയ്‌ ജേക്കബ് എന്നിവർ പങ്കെടുത്തു.