കുടയത്തൂർ : ഗവ.ഹയർ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് .ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ തൊടുപുഴയിലെ ഡോ. ജി.എസ്. മധുവിന്റെ ഹരിതഭവനം സന്ദർശിച്ചു.കൃഷി, കാലികോഴിമീൻ വളർത്തലും മാലിന്യ പരിപാലനവും വിജയകരമായി നടപ്പാക്കുന്ന മാതൃകയാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ഡോ.മധുവിന്റെ ഗീതാഭവനം.
അജൈവ പാഴ് വസ്തുക്കൾ ആറിനങ്ങളായി തരം തിരിച്ചാണ് സൂക്ഷിക്കുന്നത്.കട്ടി കൂടിയതും കുറഞ്ഞതുമായി പ്ലാസ്റ്റിക്കിനെ രണ്ടായി തരം തിരിച്ചും പേപ്പർ,ചില്ല്, ബാഗ്‌ചെരുപ്പ്, തുണി എന്നിങ്ങനെയുമാണ് ഇത്.ദ്രവ മാലിന്യം ദീനബന്ധു മോഡൽ ബയോ ഗ്്യാസ് പ്ലാന്റുപയോഗിച്ച് പാചകവാതകമാക്കുന്നു.ഇതിന്റെ സ്ലറി കൃഷിയ്ക്ക് ഉപയോഗിക്കുന്നു.ജൈവ പാഴ് വസ്തുക്കൾ തുറസ്സായ സ്ഥലത്ത് വിൻഡ്രോ മ്പോസ്റ്റ് യൂണിറ്റിൽ വളമാക്കുന്നു.പാഴ് സാധനങ്ങൾ സൂക്ഷിച്ചുവെയ്ക്കാൻ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും ഈ വീട്ടിലുണ്ട്. മൂന്നു പശുക്കളുണ്ട്. വീട്ടുമുറ്റത്താണ് തൊഴുത്ത്.എങ്കിലും ഒരുവിധ ദുർഗ്ഗന്ധവുമില്ല.ഇതെങ്ങനെ സാധിക്കുന്നുവെന്ന് കുട്ടികൾ തിരക്കി.
ശാസ്ത്രീയമായി കൈകാര്യം ചെയ്താൽ ദുർഗന്ധമുണ്ടാകില്ലെന്നായിരുന്നു ഡോ.മധുവിന്റെ മറുപടി. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിന് സാമ്പത്തിക നഷ്ടമാകില്ലേയെന്ന സംശയവും കുട്ടികൾ ഉന്നയിച്ചു. പശുക്കളിൽ നിന്നു മാത്രം 1000 രൂപയോളം ദിവസം വരുമാനമുണ്ടെന്ന് ഇദ്ദേഹം വിശദീകരിച്ചു. ഇതു കൂടാതെ കോഴിമുട്ട, മീൻ ഇവയെല്ലാം വരുമാനം തരുന്നു. വീട്ടിലേയ്ക്കാവശ്യമായ പാചകവാതകം ബയോഗ്യാസ് യൂണിറ്റിൽ നിന്നാണ്. പണം മുടക്കി ഗ്യാസ് വാങ്ങിയിട്ട് വർഷങ്ങളായെന്നും ഇദ്ദേഹം കുട്ടിളോട് പറഞ്ഞു. എല്ലാം കൂട്ടിയിണക്കിയുള്ള ഹരിതഭവന സന്ദർശനം വലിയ അനുഭവമാണെന്ന് കുട്ടികൾ പറഞ്ഞു.എൻ. എസ്. എസ്. കോർഡിനേറ്റർ ആനന്ദ് , വോളന്റിയർമാരായ തസ്നിം ഇ. നസീർ,അക്ഷര എന്നിവർ സന്ദശന പരിപാടിക്ക് നേതൃത്വം നൽകി.