തൊടുപുഴ: പെരിയയിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് ,ശരത് ലാൽ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞത് ആശ്വാസകരമെന്ന് അഡ്വ.ഡീൻകുര്യാക്കോസ്എം.പി. ദാരുണമായ സംഭവം നടക്കുമ്പോൾ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ ഇക്കാര്യത്തിൽ താൻ നേരിട്ട കേസുകളും നിയമ പോരാട്ടങ്ങളും എടുത്ത് പറയുന്നു.
2019 ഫെബ്രുവരി 17 ന് ഞെട്ടലോടെ കേരളം ഈ ദാരുണമായ വാർത്ത കേട്ട് ഞെട്ടിയപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അന്നു പ്രഖ്യാപിച്ച ഹർത്താൽ ഒരു വലിയ നിയമപ്രശ്നത്തിനാണ് വഴിതെളിച്ചത്. ഹൈക്കോടതിയുടെ ശാസനയെ ധിക്കരിച്ചാണ് അന്നു ഹർത്താൽ പ്രഖ്യാപിച്ചത്. 214 കേസാണ് സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് സഹപ്രവർത്തകർക്കൊപ്പം തന്റെ പേരിൽ കേരളത്തിലെ മുഴുവൻ കോടതികളിലുമായി രജിസ്റ്റർ ചെയ്തത്. അന്നു മുതൽ ഇന്നുവരെ ഈ ഒരു വിധിക്കായി കാത്തു നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമ പോരാട്ടത്തിന് സഹായിച്ചവരെയും പ്രത്യേകം ഓർക്കുകയാണ്. സംഭവമുണ്ടായ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി അന്ന് ഒറ്റക്കെട്ടായി സംസ്ഥാനമൊട്ടാകെ നടത്തിയതായ പോരാട്ടങ്ങൾ, അന്ന് കാസർകോഡ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നടത്തിയ ത്യാഗനിർഭരമായ പോരാട്ടങ്ങൾ എത്രയോ കേസുകളിലാണ് അവർ വേട്ടയാടപ്പെട്ടത്. എല്ലാത്തിനും ഒരു നീതിയുടെ പരിഗണന ലഭിക്കാതെ പോകില്ല എന്നത് ഇപ്പോൾ അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഇടതുപക്ഷ സർക്കാർ തേച്ചു മായ്ച്ച് കളയാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് നേതൃത്വം സി. ബി. ഐയ്ക്ക് വിടണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയതിനാലാണ് നീതി നടപ്പിലാകുന്നത്. ഇക്കാര്യത്തിൽ ഇആക അന്വേഷണം വേണ്ടെന്ന് വയ്പിക്കാൻ ആണ് സർക്കാർ ശ്രമിച്ചത്. ഒടുവിൽ സുപ്രീം കോടതിയിൽ വരെ ഖജനാവിൽ നിന്നും കോടികൾ ചെലവാക്കി പ്രതികളെ രക്ഷപെടുത്താൻ സർക്കാർ ശ്രമിക്കുകയായിരുന്നു.

ഡീൻ കുര്യാക്കോസ് എം. പി