ഇടുക്കി: പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങൾക്ക് ഇതുവരെ മുടക്കം വരുത്തിയ അംശദായ തുകയും പ്രവാസിക്ഷേമബോർഡ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉൾപ്പെടെ അടയ്ക്കുവാനുള്ള സൗകര്യം ഒരുക്കും. അംഗത്വം നഷ്ടമായിട്ടുള്ളതും പെൻഷൻ പ്രായം പൂർത്തീകരിച്ചിട്ടില്ലാത്തതുമായവർക്ക് അംഗത്വം പുനസ്ഥാപിക്കാനുള്ള അവസരമുണ്ട്. കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് പ്രവാസിക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ആവശ്യമായ രേഖകൾക്കൊപ്പം ഓൺലൈനായാണ് അംഗത്വമെടുക്കേണ്ടത്. 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.
വിദേശത്ത് ജോലി ചെയ്യുന്ന കേരളീയൻ 1 എ വിഭാഗത്തിൽ ഉൾപ്പെടും. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് പ്രതിമാസം 350 രൂപയാണ് അംശദായം അടയ്‌ക്കേണ്ടത്. വിദേശത്ത് രണ്ടുവർഷമെങ്കിലും ജോലി ചെയ്തശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയവരാണ് 1 ബി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ, കേന്ദ്രഭരണ പ്രദേശങ്ങളിലോ ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിച്ചു വരുന്നയാളാണ് 2 എ വിഭാഗത്തിൽ ഉൾപ്പെടുക. ഈ രണ്ടു വിഭാഗങ്ങൾക്കും പ്രതിമാസം 200 രൂപയാണ് അംശദായം അടയ്‌ക്കേണ്ടത്. പ്രവാസി കേരളീയനായ അംഗത്തിന് പ്രതിമാസം 3500 രൂപയും മുൻ പ്രവാസി കേരളീയനായ അംഗത്തിനും പ്രവാസി കേരളീയനായ (ഇന്ത്യ 2എ) അംഗത്തിനും 3000 രൂപയും ഏറ്റവും കുറഞ്ഞ പെൻഷൻ തുകയായി ലഭിക്കും. അംശദായ അടവ് കാലയളവ് ദീർഘിക്കുന്നതിന് അനുസരിച്ച് മിനിമം പെൻഷന്റെ ഇരട്ടിതുക വരെ പ്രതിമാസ പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്.
പുതിയ അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അസൽ പാസ്‌പോർട്ട്, പാസ്‌പോർട്ടിലെ ജനന തീയതി, മേൽവിലാസ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വീസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ് പോർട്ട് സൈസ് ഫോട്ടോ, ആധാർ എന്നിവ സഹിതം തിരുവനന്തപുരം തമ്പാനൂരിലുള്ള റെയിൽ കല്യാണമണ്ഡപത്തിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ക്ഷേമ ബോർഡിന്റെ ടോൾ ഫ്രീ നമ്പർ 18008908281 (ഇന്ത്യ), 04843539120 (വിദേശം), കസ്റ്റമർ കെയർ നമ്പർ 0471 246 5500, വാട്സാപ്പ് 7736850515 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.