തൊടുപുഴ:തൊടുപുഴ സ്വകാര്യ ബസ്റ്റാൻഡിൽ ഒടിയൻ ബസ് കണ്ടക്ടർ ജയേഷിനെ അതിക്രൂരമായി മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് 31ന് തൊടുപുഴയിൽ സ്വകാര്യ ബസ് പണിമുടക്കും തൊടുപുഴ പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തുമെന്ന് ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി സഞ്ചു പറഞ്ഞു.
മുൻകൂട്ടി അറിയിച്ചിട്ടും പൊലീസ് അക്രമം തടയുന്നതിന് തയ്യാറായില്ല എന്ന് മാത്രമല്ല എല്ലാദിവസവും വൈകുന്നേരങ്ങളിൽ സ്റ്റാൻഡിൽ രണ്ടു വണ്ടി പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നത് പതിവാണ്. എന്നാൽ അക്രമം ഉണ്ടായ ദിവസം പൊലീസിന്റെ സാന്നിദ്ധളം ഇല്ലാത്തതും അക്രമത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സതേടി ഇന്റിമേഷൻ അയച്ചിട്ടും ജയേഷിന്റെ മൊഴിയെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറാകാത്തതും പ്രതികളും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലം ആണെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ പ്രൈവറ്റ് ബസ്റ്റാൻഡിൽ അടുത്ത നാളുകളിൽ പുറത്തുനിന്നുള്ള ഗുണ്ടകൾ തൊഴിലാളികളെ ആക്രമിക്കുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിലും അക്രമത്തിന് നേതൃത്വം കൊടുത്തവരെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തുന്നത്. യോഗത്തിൽ ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സി .രാജേഷ്, ഭാരവാഹികളായ ഗിരീഷ് തയ്യിൽ, മേഖലാ സെക്രട്ടറി സുരേഷ് കണ്ണൻ,, ഭാരവാഹികളായ എം എ പ്രദീപ്,ബി അജിത് കുമാർ, രാജേഷ് സുരേന്ദ്രൻ, സണ്ണി ജോസ് എന്നിവർ പ്രസംഗിച്ചു.