കുടയത്തൂർ: കുടയത്തൂരിൽ സേവാഭാരതി ആരംഭിക്കുന്ന പാലിയേറ്റീവ് ഹോം കെയർ സർവീസിന്റെ ഉദ്ഘാടനം 31 ന് നടക്കും. വൈകിട്ട് 4.30 ന് സരസ്വതി വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സേവാഭാരതി കുടയത്തൂർ യൂണിറ്റ് പ്രസിഡന്റ് എം.ആർ. മധുസൂദനൻ പിള്ള അദ്ധ്യക്ഷനാകും. വാഹന സമർപ്പണം സേവാ ശക്തി ഫൗണ്ടേഷൻ ചെയർമാൻ സി .എസ് മോഹനൻ നിർവഹിക്കും. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ബി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. പാലിയേറ്റീവ് നിധി സമാഹരണത്തിന്റെ ഉദ്ഘാടനം കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ് നിർവഹിക്കും. സരസ്വതി വിദ്യാനികേതൻ പ്രസിഡന്റ് കെ.എൻ. രഘു, പഞ്ചായത്ത് മെമ്പർമാരായ ഷീബ ചന്ദ്രശേഖരപിള്ള, ബിന്ദുസുധാകരൻ, വിനീഷ് വിജയൻ, കുടയത്തൂർ ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. എയ്ഞ്ചൽ മേരി സെബാസ്റ്റ്യൻ, സേവാഭാരതി ജില്ലാ ജന. സെക്രട്ടറി പി.ജി. സന്തോഷ് കുമാർ, രാഷ്ട്രീയ സ്വയം സേവക സംഘം ഇടുക്കി വിഭാഗ് സംഘചാലക് കെ.എൻ. രാജു, സ്വാഗത സംഘം ചെയർമാൻ ടി.എം.ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിക്കും. ചടങ്ങിനോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ചികിത്സാ ധനസഹായവും നൽകും.കുടയത്തൂർ പഞ്ചായത്തിന് പുറമെ മുട്ടം, അറക്കുളം പഞ്ചായത്തുകളിലും സേവാഭാരതിയുടെ പാലിയേറ്റീവ് ഹോം കെയറിന്റെ സേവനം ലഭിക്കും.