തൊടുപുഴ: കാട്ടാനകളുടെ സ്വന്തം നാടായി ഹൈറേഞ്ചിനൊപ്പം ലോറേഞ്ച് മേഖലയും മാറുമ്പോൾ ജീവൻ രക്ഷിക്കാൻ നാടുവിടേണ്ട ഗതികേടിലാണ് മലയോര ജനത. കാട്ടാനകൾ യാതൊരു ദാക്ഷണ്യവുമില്ലാതെ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കുകയാണ് വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ. മുമ്പ് വല്ലപ്പോഴുമാണ് വന്യജീവിയാക്രമണങ്ങളിൽ ജനം കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ദൈനംദിന സംഭവമായി മാറി. ആനക്കലിയിൽ മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ പൊലിഞ്ഞ അമറിന്റെ വിയോഗത്തോടെ ഈ വർഷം ഏഴ് പേരാണ് ഇടുക്കിയിൽ കൊല്ലപ്പെട്ടത്. ആനക്കലിയിൽ പ്രിയപ്പെട്ടവരുടെ ജീവനുകൾ ഒന്നൊന്നായി നഷ്ടമാകുമ്പോഴും സർക്കാരും വനം വകുപ്പും നിസംഗത പാലിയ്ക്കുന്ന സ്ഥിതിയാണുള്ളത്.
വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിയതും പച്ചപ്പ് കുറയുന്നതുമാണ് വന്യമൃഗങ്ങൾ ഇരതേടി നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണം. വനാതിർത്തികളിലെ കൃഷിയിടങ്ങളാണ് ഇവയുടെ മുഖ്യലക്ഷ്യം. വനാതിർത്തികളിൽ വന്യമൃഗങ്ങൾക്കായി കൃത്രിമ കുളമടക്കം നിർമിച്ച് ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കോടികളുടെ ഫണ്ട് സർക്കാർ അനുവദിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. വനാതിർത്തിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വൈദ്യുതി വേലികളും ഉരുക്കുവടവും കിടങ്ങും എല്ലാം തന്നെ നാശത്തിലാണ്. നേരത്തെ വനത്തിൽ നിർച്ചാലുകൾ തടഞ്ഞ് തടയണയും ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ കുളങ്ങളും വനപാലകർ നിർമ്മിക്കുമായിരുന്നു. ഇത്തരം പ്രവൃത്തികൾ രേഖയിൽ ഒതുങ്ങി. വാളറയിൽ വനം വകുപ്പ് ജീവനക്കാർ ഫയർ വാച്ചർമാരെ നിയമിച്ചതായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ നാല് വനംവകുപ്പ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
പരിഹാരമെന്ത് ?
1. കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങൾക്ക് പകരം തോട്ടവനങ്ങളാക്കി മാറ്റി. അവിടെ വന്യജീവികൾക്കുള്ള ഒരു ഭക്ഷണവുമില്ല. തോട്ടവനങ്ങൾ മുഴുവൻ മുറിച്ചുനീക്കുകയാണ് സർക്കാർ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാൻ അനുവദിക്കണം. അങ്ങനെ സംഭവിച്ചാൽ കാട്ടുമൃഗങ്ങൾക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവവൈവിദ്ധ്യം പോഷിപ്പിക്കുന്ന നീർമരങ്ങൾ തഴച്ചുവളരുമ്പോൾ മണ്ണിൽ ജലവും ഉണ്ടാകും. പിന്നെ വെള്ളം തേടിയും ഭക്ഷണം തേടിയും മൃഗങ്ങൾക്ക് കാടുവിട്ട് ഇറങ്ങേണ്ടിവരില്ല.
2. മാനിന്റെ എണ്ണം പെരുകുന്നതിന് അനുസരിച്ച് അതിനെ കൊല്ലാൻ ആസ്‌ട്രേലിയയിലും അമേരിക്കയിലും അനുവാദമുണ്ട്. എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിറുത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇരപിടിയൻ ക്രമമുണ്ട്. ആഹാരശൃംഖലയിലെ കണ്ണികൾ മുറിയുമ്പോൾ ചില ജീവികൾ മാത്രം ക്രമരഹിതമായി വർദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നികളുടെ എണ്ണം അങ്ങനെ വർദ്ധിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവയ്ക്കുന്നതിന് ഇപ്പോൾ കേരളത്തിൽ അനുമതിയുണ്ട്. അതുപോലെ നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാൻ അനുവാദം കൊടുക്കണം. മനുഷ്യനു പ്രഥമ പരിഗണന നൽകുകയും മനുഷ്യന്റെ സ്വസ്ഥജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന ജീവികളുടെ അനിയന്ത്രിത വർദ്ധനയ്ക്ക് പരിഹാരം തേടേണ്ടതും ആവശ്യമാണ്.
3. ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തിൽ നിന്ന് മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോൾ ജനവാസമേഖലയിൽക്കൂടിയാകാം. അത്തരം സ്ഥലങ്ങളിൽ ഇവയ്ക്ക് കടന്നുപോകാൻ ഇടനാഴികൾ സൃഷ്ടിക്കണം. ഓരോ വനത്തെയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. വേനൽക്കാല സാഹചര്യം കണക്കിലെടുക്കുന്ന മാപ്പിംഗ് ആണ് വേണ്ടത്.