road
കാഞ്ഞാർ- വാഗമൺ ജംഗ്ഷനിലെ റോഡിലെ കുഴികൾ

 കാഞ്ഞാർ വാഗമൺ ജംഗ്ഷനിൽ കുഴി നിറഞ്ഞു

 തിരിഞ്ഞു നോക്കാതെ അധികൃതർ

കാഞ്ഞാർ: കാഞ്ഞാർ വാഗമൺ ജംഗ്ഷനിൽ സംസ്ഥാന പാതയിൽ നിരവധി കുഴികൾ രൂപപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയിലെ ഏറെ അപകട സാദ്ധ്യതയുള്ള കുഴികളാണ് നികത്താതെ ഇട്ടിരിക്കുന്നത്. ഇടുക്കി ഭാഗത്തേക്കും വാഗമൺ, ഏലപ്പാറ ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ ഈ കുഴികൾ താണ്ടി വേണം സഞ്ചരിക്കാൻ. ഇരുചക്ര വാഹനങ്ങൾക്കാണ് ഈ കുഴികൾ വലിയ അപകട ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വാഗമണ്ണിലേക്ക് പോയ വിനോദ സഞ്ചാരികളുടെ ഇരുചക്ര വാഹനം ഈ കുഴിയിൽ വീണ് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർ റോഡിലേക്ക് വീണു. അവധി ദിവസങ്ങളിൽ വാഗമൺ, ഇടുക്കി സന്ദർശിക്കാനായി നിരവധി വാഹനങ്ങളാണ് ഇതു വഴി വരുന്നത്. ഇരുചക്ര വാഹന യാത്രക്കാർക്ക് ദൂരെ നിന്ന് കുഴികൾ കാണാൻ സാധിക്കില്ല. അതിനാൽ കുഴികൾ കണ്ട് വാഹനം നിയന്ത്രിക്കാനും കഴിയില്ല. വാഹനം വരുന്ന അതേ വേഗതയിൽ കുഴികളിൽ ചാടുകയാണ് പതിവ്.

ന്യൂജൻ ബൈക്കുകാരെയും പേടിക്കണം

നിയന്ത്രണം വിട്ട് ഇരുചക്ര വാഹനങ്ങൾ മറിയുന്നതും തുടർച്ചയാണ്. അതിവേഗതയിൽ പാഞ്ഞു വരുന്ന ന്യൂജൻ ബൈക്കുകൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയാണ്. കുഴികളിൽ ചാടുന്ന ബൈക്കുകൾ നിയന്ത്രണം വിട്ട് ഏതുവഴിയാണ് പോകുന്നതെന്ന് ബൈക്ക് ഓടിക്കുന്ന ആൾക്ക് പോലും നിശ്ചയമില്ല. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറന്നതോടെ റോഡിൽ വാഹനങ്ങളുടെ ബാഹുല്യമായി. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. വാഹനങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്ന കാഞ്ഞാർ വാഗമൺ ജംഗ്ഷനിലെ കുഴികൾ നികത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.