പീരുമേട്: വാഗമൺ, കുട്ടിക്കാനം, പാഞ്ചാലിമേട്, പീരുമേട്, പരുന്തുംപാറ തുടങ്ങിയ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുളിർ കാറ്റും കോടമഞ്ഞും ആസ്വദിച്ച് പുതുവർഷം ആഘോഷിക്കാനായി വിനോദസഞ്ചാരികൾ കൂട്ടത്തോടെ ഇവിടേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന്റെ ഏതു മേഖലയിൽ നിന്നും പെട്ടെന്ന് എത്താവുന്ന പ്രദേശമാണ് പീരുമേടും വാഗമണ്ണും. ക്രിസ്തുമസ് അവധി ആഘോഷിക്കാൻ വിനോദസഞ്ചാരികൾ എത്തി തുടങ്ങിയത് മുതൽ ടൂറിസ്റ്റ്‌ മേഖല പുത്തൻ ഉണർവിലായിരുന്നു. വാഗമൺ ചില്ല് പാലം, വാഗമൺ പൈൻവാലി, അഡ്വഞ്ചർ പാർക്ക് എന്നിവ ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണ് വാഗമണ്ണിലേക്ക് ആകർഷിക്കുന്നത്. ക്രിസ്തുമസ് ദിവസവും അതിന് മുമ്പുള്ള ശനിയും ഞായറും വൻതിരക്ക് അനുഭവപ്പെട്ടു. സ്‌കൂളുകളും കോളേജും അവധിയായതോടെ വിനോദസഞ്ചാരികളുടെ കൂട്ടത്തോടെയുള്ള വരവ് ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകിയിരിക്കയാണ്. പുതുവത്സരം അടിച്ചു പൊളിച്ച് ആഘോഷിക്കാൻ ഇവിടേക്ക് ഇനി യുവാക്കളുടെ കൂട്ട പ്രവാഹമായിരിക്കും. വാഗമണ്ണിലും പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പീരുമേട് പഞ്ചായത്ത് ടൂറിസ്റ്റുകളെ വരവേൽക്കാനായി വിനോദസഞ്ചാര മേഖലയിൽ കുതിര സവാരി ഏർപ്പെടുത്തി. പഞ്ചായത്തിലെ ഉൾനാടൻ ടൂറിസം മേഖലയെ കണക്ട് ചെയ്തു കൊണ്ടാണ് പഞ്ചായത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പരുന്തുംപാറയിൽ നിന്ന് അമ്മച്ചി കൊട്ടാരം, മദാമ്മ കുളം, വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം, അണ്ണൻ തമ്പി മല തുടങ്ങിയ ടൂറിസം മേഖല കോർത്ത് ഇണക്കിയാണ് പഞ്ചായത്ത് പദ്ധതി ഒരുക്കിയിരിക്കുന്നത്. മേഖലയിലേക്ക് രണ്ട് കുതിരകളെ കുതിരസവാരിക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയിൽ റിസോർട്ടുകളും കോട്ടേജുകളും എല്ലാം ഇപ്പോൾ തന്നെ ഹൗസ് ഫുൾ ആയി.