 
തൊടുപുഴ: മൻസൂറിന് ഇനിയും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. കലിയിളകിയ കാട്ടാനയുടെ കാലുകൾക്കിടയിൽ നിന്ന് രക്ഷപെട്ട കാര്യം വിവരിക്കുമ്പോൾ മുഖത്ത് ഇപ്പോഴും ഭീതി നിഴലിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സുഹൃത്തും അയൽവാസിയുമായ അമറിന്റെ കൊല്ലപ്പെട്ടതിന്റെ ആഘാതവും. വീടിന് 300 മീറ്റർ മാത്രം അകലെ കെട്ടിയിരുന്ന പശുവിനെ അഴിച്ചു കൊണ്ടുവരാനാണ് അമർ വിളിച്ചതനുസരിച്ച് തേക്കിൻകൂപ്പിലേക്ക് ഒപ്പം പോയത്. പശുവിനെ കാണാവുന്ന ദൂരത്തെത്തിയിരുന്നു. പെട്ടെന്നാണ് ഇഞ്ചക്കാട്ടിൽനിന്ന് രണ്ട് കാട്ടാനകൾ തങ്ങൾക്ക് നേരെ പാഞ്ഞടുത്തത്. അമർ അൽപം മുന്നിലായാണ് നടന്നത്. ആനയെ കണ്ടയുടൻ തങ്ങളിരുവരും ഓടി. കണ്ണടച്ചുതുറക്കുന്ന നേരത്തിനുള്ളിൽ അമറിനെ ആനകളിലൊന്ന് തട്ടി നിലത്തിട്ടു. മറ്റേയാന എന്റെ നേർക്കും പാഞ്ഞെത്തി. പേടിച്ച് താനും നിലത്തുവീണു. ആനയുടെ കാൽ ച്ചുവട്ടിൽ നിന്ന് എങ്ങനെയോ രക്ഷപെടുകയായിരുന്നു. വലതുകാലിൽ ആന ചവിട്ടി. കണ്ണുകൾ മറഞ്ഞു പോകുന്നതു പോലെ തോന്നിയിരുന്നു. ഇടയ്ക്ക് അമറിന്റെ കരച്ചിലും കേട്ടു. അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് താൻ ഉരുണ്ട് കയറിയത്. വള്ളി പടർപ്പുകൾക്കിടയിലൂടെ നിരങ്ങി നീങ്ങി. ആന പരിസരത്ത് അൽപനേരം നിന്നിരുന്നു. പോകുന്നതുവരെ ശ്വസമടക്കിപ്പിടിച്ച് ജീവൻ കൈയിലേന്തി കിടന്നു. പോയെന്ന് ഉറപ്പായതോടെ നിരങ്ങി സമീപമുള്ള പറമ്പിലെത്തി. കരച്ചിൽ കേട്ട് ആരൊക്കെയോ അടത്തേക്കോടിയെത്തിയെന്ന് മനസൂർ പറഞ്ഞു. ഗൾഫിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന ബ്ലാങ്കരയിൽ ബി.എം. മൻസൂർ (41) മൂന്ന് മാസമായി അവധിക്ക് നാട്ടിലെത്തിയിട്ട്. ഉടനെ തിരിച്ചപോകാനിരിക്കുകയായിരുന്നു. ഇയാളുടെ വലതുകാലിന് മൂന്ന് ഒടിവുണ്ട്. ഇടതുകാലിനും പരിക്കുണ്ട്.