അടിമാലി : ദേശീയപാത 185 അലൈൻമെന്റ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം. അടിമാലി കുമളി ദേശീയപാത 185 ആരംഭിക്കുന്നത് അടിമാലിയിൽ നിന്നാണ്. അടിമാലി ടൗണിൽ നിന്ന് ആരംഭിച്ചാൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി അടിമാലി മിനിപടിയിൽ നിന്ന് ആരംഭിക്കുന്നതിനു വേണ്ടി സർവ്വേ നടപടികൾപൂർത്തിയാക്കിയതാണ്. ദേശീയപാത ആരംഭിക്കുന്ന ഭാഗം സംബന്ധിച്ച് അധികൃതർ തീരുമാനത്തിലെത്തുകയും ചെയ്‌തെങ്കിലും ഇതിനിടയിൽ കേന്ദ്ര റോഡ് ആൻഡ് ഹൈവേ വകുപ്പിലെ ഒരു എൻജിനീയർ സ്വാധീനം ചെലുത്തിക്കൊണ്ട് ഈ റോഡിന്റെ ആരംഭം കുറിക്കുന്നത് അടിമാലി എസ്.എൻ.ഡി.പി ക്ഷേത്രത്തിന്റെ സമീപത്തുള്ള കൊടും വളവിൽ നിന്നാക്കി മാറ്റുകയും ആ രീതിയിലുള്ള സർവ്വേ സ്‌കെച്ച് പുറത്താക്കുകയും ചെയ്‌തെന്നും ഹൈറേഞ്ച് ഹൈവേ സംരക്ഷണ സമിതി നേതാക്കൾ ആരോപിച്ചു. ക്ഷേത്രത്തിൽ ശിവരാത്രി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ നടക്കുന്ന സമയത്ത് തിരക്ക് മൂലം വാഹനങ്ങൾ കടന്നുപോകാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൂടാതെ എസ്.എൻ.ഡി.പി ബി.എഡ് കോളേജും ഹൈസ്‌കൂളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനോട് ചേർന്ന് ഉള്ളതിനാൽ അദ്ധ്യയന ദിവസങ്ങളിൽ പൊലീസിനെ ഉപയോഗിച്ചാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്. മാത്രമല്ല രണ്ടു ദേശീയപാതകൾ ഡ്രൈവർമാർക്ക് ദൂരക്കാഴ്ച ലഭിക്കാത്ത കൊടും വളവിൽ നിന്ന് രണ്ടായി പിരിയുന്നത് വലിയ തോതിലുള്ള അപകടങ്ങൾ വിളിച്ചുവരുത്തുന്നതാണ്. ദേശീയപാത 185ന് ആവശ്യമായ ഇടങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതിന് 350 കോടി രൂപ വകയിരുത്തിയിട്ടുള്ളതാണ്. ഇത്തരത്തിൽ ഒരു അശാസ്ത്രീയമായ മാറ്റം കൊണ്ടുവരുന്നതിന് പിന്നിൽ ആരുടെയോ സാമ്പത്തിക താത്പര്യങ്ങൾ ഉള്ളതായി സംശയിക്കുന്നുണ്ട്. അതിനാൽ എത്രയും വേഗം ദേശീയപാത വിഭാഗവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും ഇടപെട്ട് സങ്കുചിത താത്പര്യങ്ങൾക്കതീതമായി ശരിയായ രീതിയിൽ ദേശീയപാത 185ന്റെ ആരംഭം മുമ്പ് നിശ്ചയിച്ചിരുന്നതുപോലെ മിനിപ്പടിയിൽ നിന്നാക്കണമെന്ന് പി.എം. ബേബി, റസാക്ക് ചൂരവേലിൽ, ഡയസ് പുല്ലൻ എന്നിവർ ആവശ്യപ്പെട്ടു.