തൊടുപുഴ: ജനങ്ങളെ വന്യമൃഗങ്ങൾക്ക് കുരുതി കൊടുത്ത് നാടു ഭരിക്കാമെന്ന് എൽ.ഡി.എഫ് കരുതേണ്ടതില്ലെന്നും വനംമന്ത്രി രാജിവയ്ക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. സി.പി.എമ്മിന്റെ ആജ്ഞാനുവർത്തിയായി നിൽക്കുന്ന എ.കെ. ശശീന്ദ്രൻ ആ സ്ഥാനത്ത് തുടരുന്നത് നാടിന് ശാപമായി മാറിയിരിക്കുകയാണ്. രാജി വച്ചില്ലെങ്കിൽ ചവിട്ടി പുറത്താക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുള്ളരിങ്ങാട് വളരെ നാളുകളായി കാട്ടാന ശല്യം ഉള്ളതാണ്. ഇന്നല്ലെങ്കിൽ നാളെ എന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി. കേരളത്തിൽ കർഷകരെ കുടിയിറക്കി വനവിസ്തൃതി വർദ്ധിപ്പിക്കുകയെന്നത് സി.പി.എം നയമാണ്. അത് ഭംഗിയായി നടത്തി കൊടുക്കുകയെന്നത് മാത്രമാണ് എ.കെ. ശശീന്ദ്രൻ ചെയ്യുന്നത്. ഇത്ര ദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോളുംമുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല. അന്തസുണ്ടെങ്കിൽ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്ന്പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.