തൊടുപുഴ: മുള്ളരിങ്ങാട് ജനവാസ മേഖലകളിലേയ്ക്ക് കാട്ടാന ഇറങ്ങുന്നതു തടയാൻ ഫെൻസിംഗിന്റെയും ട്രഞ്ചിന്റെയും നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കാട്ടാന ആകമണത്തിൽ കൊല്ലപ്പെട്ട അമറിന്റെ കുടുംബത്തിന് അടിയന്തര ധനസഹായവും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൻസൂറിന് സൗജന്യ ചികിത്സയും ഉറപ്പാക്കണമെന്നും വനംമന്ത്രി ശശീന്ദ്രനോട് എം.എൽ.എ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട് ജനവാസ മേഖലകളിൽ കാട്ടാന ശല്യം പതിവാകുന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിലും പിന്നീട് പരിക്കേറ്റ മൻസൂറിനേയും ജോസഫ് സന്ദർശിച്ചു. ജില്ലാ കളക്ടറുമായും സംസാരിച്ചു. വനപ്രദേശത്തോടു ചേർന്നുള്ള ജനവാസ മേഖലകളിൽ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.