തൊടുപുഴ: കാട്ടാനക്കും കാട്ടു മൃഗങ്ങൾക്കും നൽകുന്ന പരിഗണന മനുഷ്യജീവന് നൽകാത്ത സർക്കാരിനെതിരെ കനത്ത പ്രതിഷേധമുയർത്തി ജനകീയ പോരാട്ടം നടത്തുമെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്. സിയാദ് എന്നിവർ അറിയിച്ചു. മുള്ളരിങ്ങാട് യൂത്ത് ലീഗ് പ്രവർത്തകൻ അമറിനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യം സർക്കാർ വരുത്തി വച്ചതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. നേരത്തെ കാഞ്ഞിര വേലിയിലും സമീപപ്രദേശങ്ങളിലും കാട്ടാനയാക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടപ്പോഴും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തട്ടിപ്പ് നിലപാടുകളാണ് സർക്കാർ സ്വീകരിച്ചത്. നാമമാത്ര തുക മനുഷ്യജീവന് വിലയിട്ട് വന്യമൃഗസംരക്ഷണത്തിന് കോടികൾ ചിലവഴിക്കുന്ന വിശാല മനസ്‌കർ നാടുഭരിക്കുന്ന കേരളത്തിലും കേന്ദ്രത്തിലും വന്യജീവി സംരക്ഷണ പ്രവാചകൻമാർ വിലസുകയാണെന്നും നേതാക്കൾ പറഞ്ഞു. അമറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നും ജില്ലയിലെ വന്യമൃഗ ശല്യത്തിൽ നിന്ന് ജനങ്ങൾക്ക് സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അലംഭാവം വെടിഞ്ഞ് നടപടികൾ സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.