ഇടുക്കി: വാശിയേറിയ ലോക്സഭാ തിര‌ഞ്ഞെടുപ്പ് മുതൽ ഇടുക്കിയിൽ ആദ്യമായിറങ്ങിയ ജലവിമാനം വരെ സംഭവബഹുലമായ വർഷമാണ് കടന്നു പോകുന്നത്. 2024ൽ ജില്ലയിൽ വാർത്തകളിൽ ഇടംപിടിച്ച പ്രധാന സംഭവങ്ങളിലൂടെ ഒരെത്തി നോട്ടം...

 ഭൂപതിവ് ഭേദഗതി നിയമവും ഗവർണർക്കെതിരായ പ്രതിഷേധവും

ദീർഘനാളായി മലയോര ജനതയുടെ തലയ്ക്ക് മുകളിൽ ഡെമോക്ലസിന്റെ വാൾ പോലെ തൂങ്ങിയാടിയ നിർമ്മാണ നിരോധനത്തിന് പരിഹാരമായി നിയമസഭ ഐകകണ്ഠേന പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ഏഴ് മാസങ്ങൾക്ക് ശേഷം ഗവർണർ ഒപ്പിട്ടത് ഏപ്രിൽ 27നായിരുന്നു. 2023 സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാസങ്ങളോളം തടഞ്ഞുവച്ച ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിന് പിറ്റേന്ന് ഒപ്പിട്ടത്. ഗവർണർ ബില്ലിൽ ഒപ്പിടാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ജനുവരി ഒമ്പതിന് രാജ്ഭവനിലേക്ക് എൽ.ഡി.എഫ് വമ്പിച്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അന്നേ ദിവസം വ്യാപാരികളുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തൊടുപുഴയിലെത്തിയതിനെ തുടർന്ന് എൽ.ഡി.എഫ് ഹർത്താൽ ആചരിക്കുകയും എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. മുൻ മന്ത്രി എം.എം. മണി ഗവർണറെ അധിക്ഷേപിച്ച് സംസാരിച്ചതും വിവാദമായിരുന്നു.

 കുട്ടി ക്ഷീരകർഷകനായി സ്നേഹം ചുരത്തിയപ്പോൾ

ഓമനകളായിരുന്ന 13 പശുക്കൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് സങ്കടക്കടലിലായ കുട്ടിക്ഷീരകർഷകൻ മാത്യു ബെന്നിക്കായി കേരളം സ്‌നേഹം ചുരത്തിയത് 2024 പുതുവർഷത്തിലെ നന്മനിറഞ്ഞ വാർത്തയായിരുന്നു. 2023 ഡിസംബർ 31ന് രാത്രിയാണ് 22 പശുക്കളിൽ 13 എണ്ണവും കപ്പത്തൊണ്ടിലെ സയനൈഡ് വിഷബാധയിൽ ചത്തത്. മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ കേരളമെമ്പാടും നിന്ന് സഹായം പ്രവഹിച്ചു. മമ്മൂട്ടി, പൃഥിരാജ്, ജയറാം, ലുലു ഗ്രൂപ്പ്, മിൽമ തുടങ്ങിയവർ സാമ്പത്തികമായും സഹായിച്ചു.17 ലക്ഷം രൂപ കിട്ടി. മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും വീട്ടിലെത്തി ഇൻഷ്വറൻസുള്ള അഞ്ച് കറവ പശുക്കളെ ലൈവ്‌സ്റ്റോക്ക് ബോർഡ് വഴി നൽകി. ഗർഭിണികളായ മൂന്ന് പശുക്കളെ സി.പി.എം നൽകി. പി.ജെ. ജോസഫ് എം.എൽ.എ ഒരു പശുവിനെയും കത്തോലിക്കാ കോൺഗ്രസ് രണ്ട് പശുക്കളെയും മൂരിക്കിടാവിനെയും നൽകി. പശുക്കളെ പോറ്റാനാണ് ഈ പണം ചെലവാക്കുന്നത്.

 ആശങ്കയൊഴിയാതെ മുല്ലപ്പെരിയാറെന്ന ജലബോംബ്

വയനാട് ദുരന്തത്തിന് ശേഷം ആഗസ്റ്റിൽ മുല്ലപ്പെരിയാർ ഡാം ജലബോംബാണെന്നും ഡീ കമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് ആഗസ്റ്റിൽ ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും 130 വർഷം പഴക്കമുള്ള അണക്കെട്ട് വാർത്തകളിൽ നിറഞ്ഞു. മുല്ലപ്പെരിയാർ സമരസമിതി, സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്ന പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റ് എന്നീ സംഘടനകൾ പുതിയ ഡാം എന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. ഇതിനിടെ ഡിസംബറിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് കേരളം ആദ്യം നിഷേധിച്ച ശേഷം പിന്നീട് സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകിയതും വിവാദമായി. പിന്നാലെ ഡാം ജലനിരപ്പ് 152 അടിയാക്കുമെന്ന തമിഴ്നാട് മന്ത്രി നടത്തിയ പ്രസ്താവനയും ചൂടേറിയ ചർച്ചയായി.

 ഇനിയും നീതി കിട്ടാതെ വണ്ടിപ്പെരിയാറിലെ ആറ് വയസുകാരി

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ട അർജ്ജുന്റെ പിതൃസഹോദരൻ ഇരയുടെ അച്ഛനെയും മുത്തച്ഛനെയും കുത്തിപരിക്കേൽപ്പിച്ചത് ജനുവരി ആറിനായിരുന്നു. സംഭവത്തിൽ അർജ്ജുന്റെ പിതാവിന്റെ അനിയൻ പാൽരാജ് (46) പൊലീസ് പിടിയിലായിരുന്നു. പീഡനക്കേസിൽ കുറ്റവിമുക്തനാക്കിയ അർജ്ജുൻ ഹൈക്കോടതി നിർദ്ദേശപ്രകാരം കട്ടപ്പന പോക്‌സോ കോടതിയിൽ ഹാജരായി ബോണ്ട് നൽകിയത് ഡിസംബർ 23നായിരുന്നു.

 കൊടും വരൾച്ചയിൽ ഉണങ്ങി ഇടുക്കി

ഇടുക്കിയിൽ 43,703 ഏക്കർ സ്ഥലത്തെ കൃഷിയാണ് വേനലിൽ നശിച്ചത്. 30,183 കർഷകരുടെ ഏലവും കുരുമുളകും കാപ്പിയുമെല്ലാം കരിഞ്ഞുണങ്ങി. ഏറ്റവും കൂടുതൽ നശിച്ചത് ഏലമാണ്. 40550 ഏക്കർ സ്ഥലത്തെ ഏലമാണ് ഇല്ലാതായത്. ഇതുവഴി 22,311 കർഷകർക്ക് 113 കോടിയുടെ നഷ്ടമാണുണ്ടായത്.

 കുഴൽനാടന്റെ കൈയേറ്റം

ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാടിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്‌ക്കെതിരെ ഇടുക്കി വിജിലൻസ് മേയ് എട്ടിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇടപാടിൽ ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു ഭൂമി വാങ്ങിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ സർക്കാർ ഭൂമി കൈയേറി എന്ന വിജിലൻസ് കണ്ടെത്തൽ റവന്യൂ വിഭാഗം ശരിവച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ കപ്പിത്താൻ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തൽ.

 ഡീനിന്റെ രണ്ടാമൂഴം

സംസ്ഥാനമാകെ ആഞ്ഞടിച്ച ഇടതുവിരുദ്ധ തരംഗത്തിൽ തുടർച്ചയായ രണ്ടാം തവണയും കോൺഗ്രസിലെ ഡീൻ കുര്യാക്കോസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം. മൂന്നാം വട്ടവും ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഡീനിന്റെ വിജയം. ആകെ പോൾ ചെയ്ത 8,41,286 വോട്ടുകളിൽ 4,32,372 വോട്ടുകൾ ഡീനിന് ലഭിച്ചപ്പോൾ 2,98,645 വോട്ടുകൾ മാത്രമാണ് എൽ.ഡി.എഫിലെ ജോയ്സ് ജോർജ്ജിന് നേടാനായത്. എൻ.ഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ 91,323 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

മനസാക്ഷിയെ നടുക്കിയ ഇരട്ടക്കൊലപാതകം

ഒരു മോഷണ ശ്രമത്തിൽ നിന്ന് ചുരുളഴിഞ്ഞ കട്ടപ്പന കാഞ്ചിയാറിലെ ഇരട്ടക്കൊലപാതകം മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിക്കുന്നതായി മാറി. കാഞ്ചിയാർ കക്കാട്ടികട നെല്ലാനിക്കൽ വിജയൻ, അയാളുടെ മകളുടെ ആൺകുഞ്ഞ് എന്നിവരാണ് കൊല്ലപ്പെട്ടത്. 2016ൽ പിഞ്ചുകുഞ്ഞിനേയും 2023ൽ അതിന്റെ മുത്തശ്ശനേയും കൊന്നു കുഴിച്ചു മൂടിയതായി ഒന്നാം പ്രതിയും കുഞ്ഞിന്റെ അച്ഛനുമായ പാറക്കടവ് പുത്തൻ പുരയ്ക്കൽ നീതീഷ് (രാജേഷ്- 31) കട്ടപ്പന പൊലീസിനോട് സമ്മതിച്ചു. മന്ത്രവാദിയെന്ന പേരിൽ വിജയന്റെ കുടുംബവുമായി അടുത്ത നിതീഷ് പൂജയുടെ ഫലപ്രാപ്തിയുടേ പേര് പറഞ്ഞ് കുടുംബത്തെ സമൂഹത്തിൽ നിന്ന് അകറ്റി. മകളുടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി. ഇതിന് വിജയനും മകൻ വിഷ്ണുവും കൂട്ടുനിന്നു. പിന്നീട് പാറക്കടവിലെ ഇവരുടെ വീട് വിൽപ്പിച്ച് കാഞ്ചിയാറിലെ വാടകവീട്ടിലേക്ക് മാറി. വീട് വിറ്റ തുക നിതീഷ് കൈക്കലാക്കിയിരുന്നു. ഇത് തിരിച്ച് ചോദിച്ചപ്പോഴാണ് വിജയനെ അടിച്ച് കൊന്ന് വീടിന്റെ തറയ്ക്കുള്ളിൽ കുഴിച്ചിട്ടത്. വിജയന്റെ ഭാര്യയും മക്കളും ഇതിന് സാക്ഷികളായിരുന്നു. വിശ്വാസത്തിന്റെ പേരിലും പേടിച്ചും പിന്നെയും ഇവർ നിതീഷിനെ അനുസരിച്ചു.

ചൊക്രമുടി കൈയേറ്റങ്ങളും വിവാദങ്ങളും
കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ചൊക്രമുടിയിൽ നടന്ന ഭൂമി കൈയേറ്റം വലിയ ചർച്ചയായി. അടിമാലി സ്വദേശി സിബി ജോസഫ് ചൊക്രമുടി മലയിൽ അനധികൃതമായി റോഡ് വെട്ടുകയും അവിടെ നിന്നിരുന്ന മരങ്ങൾ വെട്ടി കടത്തുകയും തടയണ നിർമ്മിക്കുകയും അനധികൃത പാറഖനനം നടത്തുകയും ചെയ്തെന്ന് കണ്ടെത്തിയതോടെയാണ് ചൊക്രമുടി കൈയേറ്റ വിവാദം പുറംലോകമറിഞ്ഞത്. മുൻ സി.പി.ഐ നേതാവ് എം.ആർ. രാമകൃഷ്ണനാണ് ഈ സ്ഥലം സിബിക്ക് വിറ്റത്. വിവാദമായതോടെ സി.പി.ഐ രാമകൃഷ്ണനെ കൈയൊഴിഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിനും ഭൂമി സി.പി.ഐ ജില്ലാ സെക്രട്ടറിക്കും കൈയേറ്റത്തിൽ പങ്കുണ്ടെന്ന് ജില്ലാ കൗൺസിലംഗം വിനു സ്‌കറിയ രംഗത്ത് വന്നു. ഇദ്ദേഹത്തെ പിന്നീട് സി.പി.ഐ പുറത്താക്കി. പ്രതിപക്ഷ നേതാവും മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളും ചൊക്രമുടിയിലെ വിവാദ സ്ഥലം സന്ദർശിച്ചിരുന്നു.

മൂന്നാറിൽ മുത്തമിട്ട് ജലവിമാനം

ചരിത്രനിമിഷത്തിന് സാക്ഷ്യംകുറിച്ച് മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഓളപ്പരപ്പിൽ മുത്തമിട്ട് സീപ്ലെയിൻ. ജില്ലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനമിറങ്ങുന്നത്‌

നവംബർ 11നാണ് കൊച്ചി ബോൾഗാട്ടിയിൽ നിന്ന് പുറപ്പെട്ട സീ പ്ലെയിൻ മാട്ടുപ്പട്ടിയിൽ ഇറങ്ങിയത്. പദ്ധതി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് അധികൃതർ രംഗത്തെത്തിയത് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

 മെരുങ്ങാതെ രാജേന്ദ്രൻ
സി.പി.എമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ എം.എൽ.എ. എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ പോകുമെന്ന അഭ്യൂഹം വലിയ വാർത്തയായി. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന പാർട്ടി യോഗത്തിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി. ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതോടെയാണ് അഭ്യൂഹം ശക്തമായത്. രാജേന്ദ്രൻ ഇത് നിഷേധിച്ചു. എന്നാൽ, സസ്‌പെൻഷൻ കാലാവധി പൂർത്തിയായിട്ടും പാർട്ടി അംഗത്വം പുതുക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

 നഗരസഭയിലെ കൈക്കൂലിക്കേസും യു.ഡി.എഫിലെ തമ്മിൽതല്ലും

ജൂൺ 25ന് ഇടവെട്ടിയിലെ സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ സി.ടി. അജി കൈക്കൂലി വാങ്ങിയ കേസിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിനെ വിജിലൻസ് രണ്ടാം പ്രതിയാക്കിയത് തൊടുപുഴ നഗരസഭയെ ഇളക്കിമറിച്ചു. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജ്ജിനെ ചെയർമാനാക്കിയാണ് എൽ.ഡി.എഫ് നഗരസഭാ ഭരണം പിടിച്ചത്.കൈക്കൂലിക്കേസിൽ പ്രതിയായതോടെ എൽ.ഡി.എഫ് തന്നെ സനീഷ് ജോർജനോട് രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സനീഷ് രാജിവയ്ക്കാത്തതിനാൽ എൽ.ഡി.എഫ് ചെയർമാനുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ സനീഷ് രാജിവച്ചു. തുടർന്ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ദിവസങ്ങളോളം മാരത്തോൺ ചർച്ച നടത്തിയിട്ടും യു.ഡി.എഫിന് ധാരണയിലെത്താനായില്ല. തുടർന്ന് ചെയർമാൻ തിര‌ഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഒരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം നഷ്ടമായി. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിൽ അവസാനഘട്ടത്തിലാണ് ഏവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫിന് വോട്ട് ചെയ്തതോടെ ഇടതുപക്ഷത്തിന് ഭരണം കിട്ടിയത്. ഇതോടെ സി.പി.എം സ്വതന്ത്ര സബീന ബിഞ്ചു ചെയർപേഴ്സണായി.

 കാടിറങ്ങി വന്യജീവികൾ,​ കാട്ടാനപ്പകയിൽ ഇല്ലാതായത് ഏഴ് ജീവൻ

കാട്ടാനയാക്രണത്തിൽ ഈ വർഷം ജില്ലയിൽ കൊല്ലപ്പെട്ടത് ഏഴ് പേർ. തൊട്ടം തോഴിലാളിയായ പന്നിയാർ സ്വദേശി പരിമളയായിരുന്നു (44) ആദ്യ ഇര. ബി.എൽ.റാവിൽ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന വെള്ളക്കല്ലിൽ സൗന്ദർ രാജൻ (68), മൂന്നാർ തേൻമല എസ്റ്റേറ്റിലെ ബന്ധുവീട്ടിൽ കല്യാണം കൂടാനെത്തിയ കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ.പാൽ രാജ് (74), കന്നിമല ടോപ്പ് ഡിവിഷനിലെ ഓട്ടോഡ്രൈവർ സുരേഷ് കുമാർ (മണി- 45), കാഞ്ഞിരവേലി മുണ്ടോൻകണ്ടത്തിൽ ഇന്ദിര രാമകൃഷ്ണൻ (71), മുള്ളരിങ്ങാട് സ്വദേശി അമർ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ലോറേഞ്ചായ മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത് അപൂർവ സംഭവമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് വന്യജീവിയാക്രമണം രൂക്ഷമായിരുന്നു. തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്ത് വരെ പുലിയിറങ്ങി. നിരവധി വളർത്ത് മൃഗങ്ങളെ കൊല്ലുകയും പുലിയുടെ മട കണ്ടെത്തുകയും ചെയ്തു. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും പിടികൂടാനായില്ല. മൂന്നാറിൽ ഒറ്റക്കൊമ്പനും പടയപ്പയും ഭീതി പടർത്തി.

 ഷെഫീഖിന് 11 വർഷത്തിന് ശേഷം നീതി

അഞ്ച് വയസുകാരനായ ഷെഫീഖിനെ മർദ്ദിച്ച് മൃതപ്രായനാക്കിയ കേസിൽ 11 വർഷത്തിന് ശിക്ഷ. അച്ഛന് ഏഴു വർഷവും രണ്ടാനമ്മയ്ക്ക് പത്തുവർഷവും കഠിന തടവാണ് ശിക്ഷ വിധിച്ചത്.
ക്രൂര മർദനത്തിനിരയായ കുട്ടിയെ 2013 ജൂലായ് 15നാണ് കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്നെങ്കിലും മർദനത്തിൽ തലച്ചോറിനും നട്ടെല്ലിനുമേറ്റ ക്ഷതം കാരണം എഴുന്നേറ്റ് നടക്കാനോ വ്യക്തമായി സംസാരിക്കാനോ കഴിയില്ല. പ്രായത്തിന് അനുസരിച്ചുള്ള ബുദ്ധിവളർച്ചയുമില്ല. ഇപ്പോൾ 17 വയസുള്ള ഷെഫീഖിനെ പോറ്റമ്മ രാഗിണിയാണ് നോക്കുന്നത്.

നൊമ്പരമായി വ്യാപാരിയുടെ ആത്മഹത്യ

നിക്ഷേപതുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ വ്യാപാരിയായ മുളങ്ങാശ്ശേരിൽ സാബു (56) ഡിസംബർ 20ന് ജീവനൊടുക്കിയത് സംസ്ഥാനമൊട്ടാകെ പ്രതിഷേധത്തിനിടയാക്കി. സൊസൈറ്റിയിലെ സെക്രട്ടറിയടക്കം മൂന്ന് ജീവനക്കാരുടെ പേര് ആത്മഹത്യാക്കുറിപ്പിൽ എഴുതി വെച്ചിട്ടായിരുന്നു അദ്ദേഹം തൂങ്ങി മരിച്ചത്. സി.പി.എം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ വി.ആർ.സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ റെക്കാഡും പുറത്തു വന്നു. ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണത്തെ സംഘത്തെ നിയോഗിച്ചു. ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ഇവരെ സൊസൈറ്റിയിൽ നിന്ന് സസ്‌പെൻഡും ചെയ്തു.