 സർവ മുന്നണികളുടെയും നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസ് മാർച്ച്

വണ്ണപ്പുറം: അമറിന്റെ ഖബറടക്കത്തിന് പിന്നാലെ കക്ഷി രാഷ്ട്രീയ, ജാതി, മതഭേദമില്ലാതെ കാട്ടാന ശല്യം പരിഹരിക്കാൻ നടപടിയെടുക്കാത്ത സർക്കാരിനും വനംവകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ ഒറ്റക്കെട്ടായി ചുള്ളിക്കണ്ടം ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. തുടർക്കഥയാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ ജനങ്ങളുടെ ശക്തമായ താക്കീതായി ജനകീയ സമിതിയുടെ പ്രതിഷേധ പ്രകടനം. മുദ്രാവാക്യം വിളിച്ച് ഫോറസ്റ്റ് സെക്ഷൻ ഓഫീസ് പരിസരത്തെത്തിയപ്പോഴേക്കും പ്രദേശം പൊലീസുകാരെ കൊണ്ട് നിറഞ്ഞിരുന്നു. ഡീൻ കുര്യാക്കോസ് എം.പി, ആന്റണിജോൺ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലാണ് ജനം സംഘടിച്ചെത്തിയത്. ആവശ്യങ്ങളും പ്രതിഷേധവും മുദ്രാവാക്യമായി ഉച്ചത്തിൽ മുഴങ്ങിയെങ്കിലും സമാധാനപരമായിരുന്നു പ്രകടനം. തുടർന്ന് വനംവകുപ്പ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, സി.പി.എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീം, യുവമോർച്ചനേതാവ് പി. ശ്യാംരാജ്, മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വാട്ടപ്പിള്ളി, സെന്റ്‌മേരീസ് യാക്കോബായ പള്ളി വികാരി ഫാ. തമ്പി മാറാടി, ഇമാം ഷറഫുദ്ദീൻ ഫൈസി, മാത്യു വർഗീസ്, ബേബി വട്ടക്കുന്നേൽ, ജോമോൻ പൊടിപാറയ്ക്കൽ എന്നിവർ സംസാരിച്ചു.

ഹർത്താലിലും ഐക്യം

എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ നേതൃത്വത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു. കടകളെല്ലാം അട‌ഞ്ഞുകിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു ഹർത്താൽ.