 
കട്ടപ്പന :അയ്യപ്പൻകോവിലിൽ വീട് കേന്ദ്രീകരിച്ച് വ്യാജമദ്യം വിൽപ്പന നടത്തിവന്നയാളെ കട്ടപ്പന എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആനക്കുഴി പുന്നക്കാലായിൽ സത്യനാണ് (74) പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മകൻ സനീഷ് ഓടി രക്ഷപ്പെട്ടു. വീടിനോടുചേർന്നുള്ള ഷെഡ്ഡിൽ ട്രോളി ബാഗിൽ 32 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 16 ലിറ്റർ വ്യാജമദ്യവും പിടിച്ചെടുത്തു. ആനക്കുഴി കേന്ദ്രീകരിച്ച് വ്യാജമദ്യം തയാറാക്കി വിൽക്കുന്നതായി വിവരം ലഭിച്ചിരുന്നു. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തു. കട്ടപ്പന എക്‌സൈസ് അസി. ഇൻസ്‌പെക്ടർമാരായ ഷിജു ദാമോദരൻ, സജിമോൻ, പ്രിവന്റീവ് ഓഫീസർമാരായ ജോബി തോമസ്, ജെയിംസ് മാത്യു, ബിജുമോൻ പി.കെ, സി.ഇ.ഒമാരായ സിന്ധു വേലായുധൻ, അജേഷ് വി.എം, ഇ.ഒ ഷിജോ അഗസ്റ്റിൻ എന്നിവരാണ് പരിശോധന നടത്തിയത്.