തൊടുപുഴ: നിർദ്ധന കുടുംബത്തിന്റെ അത്താണിയാകേണ്ട ചെറുപ്പക്കാരന്റെ അകാല വേർപാട് ഇനിയും ഉൾക്കൊള്ളാനാകാകുന്നില്ല ഉറ്റവർക്കും ഉടയവർക്കും. ഞായറാഴ്ച ഉച്ചവരെ നാട്ടിലും വീട്ടിലുമായി ഓടി നടന്ന അമറിന്റെ മരണം ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെയാണ് ഇല്ലാതാക്കിയത്. അമറിന്റെ പിതാവ് ഇബ്രാഹിമിന് കൂലിപ്പണിയാണ്. അമ്മ ജമീല വീട്ടമ്മയും. ഷഹനയാണ് സഹോദരി. ഇബ്രാഹിമിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയം. അമർ ഇടയ്ക്കിടെ കേറ്ററിംഗ് അടക്കമുള്ള പാർട്ട് ടൈം ജോലികൾക്ക് പോകറുണ്ട്. അമറിന്റെ തന്നെയാണ് പശുവും. ഈ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ദാരുണാന്ത്യം. ഒരു വർഷം മുമ്പാണ് അമർ ബി. കോം പഠനം പൂർത്തിയാക്കിയത്. വിദേശത്തടക്കം ജോലിക്കായി അന്വേഷണം നടത്തി വരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് വിദേശത്തേക്കുള്ള യാത്ര നീണ്ടുപോയത്. അമറിന് ഒരു ജോലി കിട്ടുന്നതോടെ അൽപം ആശ്വാസമാകുമെന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് മരണത്തോടെ പൊലിഞ്ഞത്. നാട്ടുകാർക്കും അമറിനെ കുറിച്ച് പറയാൻ നല്ല വാക്കുകൾ മാത്രമേ ഉള്ളൂ. നാടിന് പ്രിയപ്പെട്ടവൻ എന്നാണ് കബറടക്കത്തിനെത്തിയ പലരും പറഞ്ഞത്. പ്രദേശത്തടക്കം കാട്ടാനകൾ അടുത്തിടെ ഭീതി വിതച്ചപ്പോൾ ആനകളെ തുരത്താനായി രൂപീകരിച്ച എലിഫെന്റ് ഡ്രൈവിലും അമർ പങ്കെടുത്തിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 30ന് നടന്ന ചെയിസ് എലിഫെന്റ് ഡ്രൈവിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അമറിന്റെ കബറടക്കത്തിൽ പങ്കെടുക്കാൻ നൂറ് കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിൽ നിന്ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലെത്തിയത്. എല്ലാവരുടെയും മുഖത്ത് അമറിന്റെ വേർപാടിന്റെ ദുഖം തളം കെട്ടി നിന്നിരുന്നു.