 
അടിമാലി: അറ്റകുറ്റപ്പണികൾക്കായി കല്ലാർകുട്ടി അണക്കെട്ടിലെ വെള്ളം വറ്റിച്ച സാഹചര്യത്തിൽ അണക്കെട്ടിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണലും ചെളിയും കൂടി നീക്കാൻ നടപടിവേണമെന്ന് ആവശ്യം.2018ലെ പ്രളയകാലത്തുൾപ്പെടെ കല്ലാർകുട്ടി അണക്കെട്ടിലേക്ക് വലിയതോതിൽ ചെളിയും മണലും വന്നടിഞ്ഞിട്ടുണ്ട്.ഇത് അണക്കെട്ടിന്റെ സംഭരണശേഷിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വാദം.ചെറിയ മഴ പെയ്താൽപോലും അണക്കെട്ടിൽവേഗത്തിൽ ജലനിരപ്പുയരുകയും ഷട്ടറുകൾ തുറക്കുകയും ചെയ്യേണ്ടുന്ന സ്ഥിതിയുണ്ട്.അറ്റകുറ്റപ്പണികൾക്കായി കല്ലാർകുട്ടി അണക്കെട്ടിലെ വെള്ളം വറ്റിച്ച സാഹചര്യത്തിലാണ് അണക്കെട്ടിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണലും ചെളിയും കൂടി നീക്കാൻ നടപടിവേണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.വെള്ളം പൂർണ്ണമായി വറ്റിച്ചതോടെ അണക്കെട്ടിൽ വലിയതോതിൽ അടിഞ്ഞ് കിടക്കുന്ന ചെളിയും മണലും ദൃശ്യമാണ്.ഓരോ മഴക്കാലം കഴിയുന്തോറും അണക്കെട്ടിലേക്കൊഴുകിയെത്തുന്ന ചെളിയുടെയും മണലിന്റെയും അളവ് വർധിക്കുന്ന സാഹചര്യമുണ്ട്.അണക്കെട്ടിലെ മണലും ചെളിയും നീക്കം ചെയ്താൽ സംഭരണശേഷി വർധിപ്പിക്കാമെന്നതിനൊപ്പം മണൽ വിറ്റഴിക്കുന്നതിലൂടെ വലിയൊരു തുക സർക്കാർ ഖജനാവിലേക്കെത്താൻ സഹായകരമാകും വീടുകളുടെയടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി അയൽജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെയാണ് മണലുൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നത്.