ഇടുക്കി: സി.പി.എം ഭരിക്കുന്ന കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എം.എം. മണി നടത്തുന്ന പദപ്രയോഗങ്ങൾ മാന്യതയ്ക്ക് ചേർന്നതല്ലെന്നും മ്ലേച്ഛമായ ഭാഷാ പ്രയോഗങ്ങൾ അവസാനിപ്പിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ സി.പി.എം പരിപാടിയിൽ, നിക്ഷേപം മടക്കിക്കിട്ടാത്തതിനെ തുടർന്ന് ബാങ്കിൽ ആത്മഹത്യ ചെയ്ത സാബു തോമസിന് മാനസികരോഗമുണ്ടെന്ന മണിയുടെ ഭാഷ്യം പദവിയ്ക്ക് നിരക്കുന്നതല്ല. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടപ്പോൾ നടത്തുന്ന ജല്പനങ്ങൾ മാത്രമല്ല, സാഡിസ്റ്റ് ചിന്താഗതിയുടെ പ്രതിഫലനം കൂടിയാണ് ഇത്തരം ഭാഷാപ്രയോഗം. ജീവിച്ചിരിക്കുന്നവരെ നിരന്തരം അധിക്ഷേപിക്കുന്ന മണി മരിച്ചവരെയും വെറുതെ വിടാതായിട്ടുണ്ടെന്നും മണിയുടെ രോഗത്തിന് ആവശ്യമായ ചികിത്സ നൽകാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും മാത്യു ആവശ്യപ്പെട്ടു. ഭർത്താവ് മരിച്ച ഭാര്യയെയും സങ്കടം വിട്ടുമാറാതെ കഴിയുന്ന രണ്ടു മക്കളെയും ഇനിയും പീഡിപ്പിക്കാതിരിക്കാനുള്ള മര്യാദ കാണിക്കണം. സാബുവിന്റെ ഘാതകരുടെ ലിസ്റ്റിൽ ഒന്നാമത്തെയാൾ സി.പി.എം നേതാവ് വി.ആർ. സജിയാണ്. സൊസൈറ്റി ജീവനക്കാരെപ്പോലെ സജിയുടെ പേരിലും ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തണം. എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.