തൊടുപുഴ: കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഭിന്നശേഷിക്കാരനെ ആർ.എസ്.എസ് ഗുണ്ടകൾ മർദ്ദിക്കുകയും ആശുപത്രി ഉപകരണങ്ങൾ തല്ലി തകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ താലൂക്ക് ആശുപത്രികൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കുമളി ടൗണിൽ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ യോഗവും ചേർന്നു. പ്രതിഷേധയോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി മാടസ്വാമി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ് മഹേഷ് ഏരിയ സെക്രട്ടറി ജിന്റോ തോമസ് എന്നിവർ സംസാരിച്ചു. തൊടുപുഴ ജില്ലാശുപത്രിക്ക് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ ട്രഷറർ പി.എ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബു ഉദ്ഘാടനം ചെയ്തു. പീരുമേട് താലൂക് ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി എം.ടി. സീമോൾ ഉദ്ഘാടനം ചെയ്തു.