llines

പീരുമേട്: പീരുമേട് താലൂക്കിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കാൻ 33.7 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രം തയ്യാറാക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി തിങ്കളാഴ്ച പ്ലാന്റേഷൻ ഡയറക്ടറേറ്റാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നെങ്കിലും തുക ചെലവഴിക്കാനുള്ള അനുമതി ലഭ്യമായിരുന്നില്ല. 2022- 23, 2023- 24വർഷങ്ങളിലും പത്ത് കോടി രൂപ വീതം സർക്കാർ അനുവദിച്ചിരുന്നെങ്കിലും ഭരണാനുമതി ലഭിച്ചിരുന്നില്ല. ഇതോടെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളി യൂണിയനുകൾ നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ ലയങ്ങളുടെ നവീകരണം ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്.

പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങൾ തകർന്ന് തൊഴിലാളി മരിച്ചിട്ടും ലയങ്ങൾ നവീകരിക്കാത്തതിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. പൂട്ടി കിടക്കുന്ന എം.എം.ജെ പ്ലാന്റേഷന്റെ കോട്ടമല തോട്ടം ഉൾപ്പെടെയുള്ള ലയങ്ങൾ കാലപഴക്കത്താൽ ശോചനീയാവസ്ഥയിലാണ്. 2022ൽ കോഴിക്കാനത്ത് ലയം തകർന്നു വീണ് ഒരു തൊഴിലാളി സ്ത്രീ മരിച്ചു. തേങ്ങാക്കൽ, വാളാടി, തങ്കമല, മഞ്ചുമല തുടങ്ങിയ എസ്റ്റേറ്റുകളിലെ ലയങ്ങൾ തകർന്ന് നിരവധി തൊഴിലാളികൾ പരിക്കേറ്റിരുന്നു. ഓരോ കാലവർഷത്തിലും തകരാകുന്ന സ്ഥിതിയിലാണ്. അറുപതും എഴുപതും വർഷത്തിലധികം പഴക്കമുള്ളതാണ് പീരുമേട് താലൂക്കിലെ ലയങ്ങൾ അധികവും. പോബ്സ് എസ്റ്റേറ്റ്, ബഥേൽ പ്ലാന്റേഷൻസ്,​ മലയാളം പ്ലാന്റേഷൻസ്
എസ്റ്റേറ്റ് തുടങ്ങിയ എസ്റ്റേറ്റിലെ ലയങ്ങൾ അധികവും പഴക്കമുള്ളതാണ്.