വണ്ണപ്പുറം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹിയുടെ വീട് മുതിർന്ന സി.പി.എം നേതാവ് എം.എം. മണി എം.എൽ.എ സന്ദർശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൻസൂറിനെയും സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പകൽ 11.30നാണ് മണി അമേൽതൊട്ടിയിലെ അമറിന്റെ വീട്ടിലെത്തിയത്. അച്ഛൻ ഇബ്രാഹിം, അമ്മ ജമീല, സഹോദരി സഹാന ഷെരീഫ് എന്നിവരെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. തൊണ്ടുമലത്താവളം ഏല സംരക്ഷണ സമിതി എം.എം. മണിയെ ഏൽപ്പിച്ച ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി. താനും സി.പി.എമ്മും വീട്ടുകാർക്കൊപ്പമാണെന്നും ഇതുമായി ബന്ധപ്പെട്ട എന്തു സഹായത്തിനും തന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. എം.ബി.എ കഴിഞ്ഞുനിൽക്കുന്ന അഹോദരിക്ക് സർക്കാർ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഇതിനുള്ള അപേക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ആനപ്പേടിയകറ്റാൻ അലംഭാവം കാട്ടുന്നവർക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം തുടരണമെന്ന് വീട്ടിലെത്തിയ ആളുകളോട് അദ്ദേഹം അഭ്യർഥിച്ചു. സി.പി.എം നേതാക്കളായ കെ.ജി. വിനോദ്, കെ.എം. ശരത്ത്, ജോമോൻ, തമ്പി കുര്യാക്കോസ്, എൻ.എം. നവാസ് എന്നിവർ എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.