തൊടുപുഴ: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട പാലിയത്ത് അമർ ഇലാഹിയുടെ കുടുംബത്തിനുള്ള സഹായ ധനം വർദ്ധിപ്പിക്കണമെന്നും സഹോദരിക്ക് സർക്കാർ ജോലി നൽകി നിർദ്ധന കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. അമറിന്റെ മുള്ളരിങ്ങാട്ടെ വസതി സന്ദർശിച്ച ഷേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 10 ലക്ഷം രൂപ അപര്യാപ്തമാണ്. കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മൻസൂറിനും സഹായ ധനം അനുവദിക്കണം. വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശാശ്വതമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.