തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 3.86 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽ നിന്ന് ലഭ്യമായതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ ആരംഭിച്ചതായും അടുത്ത മഴക്കാലത്തിനു മുമ്പായി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ നടപടി കൈക്കൊള്ളണമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ എം.എൽ.എ നിർദ്ദേശിച്ചു.
കാരിക്കോട്- തെക്കുംഭാഗം- അഞ്ചിരി റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. കുടിവെള്ള വിതരണ ലൈനുകൾ തകരാറിലായതും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും കേരള വാട്ടർ അതോറിറ്റിയും കെ.എസ്.ഇ.ബിയും ഉടൻ പരിഹരിക്കണം. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനാവശ്യമായ തുക പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇബിയ്ക്ക് നൽകണം. ഒരാഴ്ചയ്ക്കുള്ളിൽ പോസ്റ്റുകൾ മുഴുവൻ മാറ്റി സ്ഥാപിക്കണം. മാരിയിൽ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ അവശേഷിക്കുന്ന ജോലികൾ പുനരാരംഭിക്കണം. കാഞ്ഞിരമറ്റം ഭാഗത്തെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണം. ഈ മാസം ആദ്യം തന്നെ നിർമ്മാണം തുടങ്ങണം. റിവർവ്യൂ റോഡിന്റെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കണം. കാരിക്കോട് ചുങ്കം ബൈപാസ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് തകർന്ന മുട്ടം- ചള്ളാവയൽ റോഡ് ഗതാഗത യോഗ്യമാക്കണം. നെയ്യശ്ശേരി- തോക്കുമ്പൻസാഡിൽ റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണം. ചെപ്പുകുളം പാലം പുനർ നിർമ്മിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ജോസഫ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ജയ പി. ജോസ്, എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ. പ്രസാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ യു.എം. ശൈലേന്ദ്രൻ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ സജി ടി.എൻ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ സൽമ തുടങ്ങിയവർ പങ്കെടുത്തു.