 
മൂന്നാർ: ടൗണിൽ കുടിവെള്ള പൈപ്പുപൊട്ടി വെള്ളം പാഴാകുന്നെന്ന് പരാതി. ടൗണിൽ പ്രവർത്തിക്കുന്ന വിദേശമദ്യ വിൽപ്പന ശാലയ്ക്ക് മുമ്പിലൂടെ കുടിവെള്ള പൈപ്പ് പൊട്ടിയ വെള്ളമൊഴുകാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. വെള്ളമൊഴുക്ക് സ്ഥിരമായതോടെ മദ്യവിൽപ്പനശാലയിൽ എത്തുന്നവർക്കടക്കം ഇത് വലിയ ബുദ്ധിമുട്ടായി. മാത്രമല്ല വിൽപ്പന ശാലയിലേക്കെത്തുന്ന ലോഡിറക്കുന്നതിനും കയറ്റുന്നതിനുമെല്ലാം ഇതിലെ വെള്ളമൊഴുകുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്ഥിരമായി വെള്ളമൊഴുകി ആ ഭാഗം ചെളിക്കുണ്ടിന് സമാനമായി മാറിയ സ്ഥിതിയാണുള്ളത്. പ്രശ്ന പരിഹാരം വേണമെന്ന ആവശ്യമുയർന്നിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. മൂന്നാർ കോളനി ഭാഗത്തുൾപ്പെടെ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യം നിലനിൽക്കെയാണ് മറ്റൊരിടത്ത ഇങ്ങനെ വെള്ളം പാഴായി പോകുന്നത്. പൊട്ടിയൊഴുകുന്ന കുടിവെള്ള പൈപ്പടയ്ക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.