തൊടുപുഴ: മാത്യു ബെന്നയടക്കമുള്ള ക്ഷീര കർഷകരെ ചേർത്തുപിടിച്ച് 'ക്ഷീര സാന്ത്വനം' ഇൻഷ്വറൻസ് പദ്ധതി മുന്നോട്ട്. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക ക്ഷേമനിധി ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. പശുക്കൾക്ക് എന്തെങ്കിലും അപകടമുണ്ടായാലോ അസുഖമുണ്ടായാലോ കർഷകന് സഹായം ലഭിക്കുന്നതിന് രൂപകൽപ്പന ചെയ്തതാണ് ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് പദ്ധതി. 80 വയസുവരെയുള്ള ഏതൊരു ക്ഷീരകർഷകനും പദ്ധതിയിൽ ചേരാം. ക്ഷേമനിധി ബോർഡിൽ അംഗത്വമില്ലാത്തവർക്കും പരിരക്ഷ ഉറപ്പാക്കാം. ആരോഗ്യസുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇൻഷ്വറൻസ് എന്നിവയാണ് പദ്ധതിയിലുള്ളത്. രണ്ടുലക്ഷം രൂപ വരെയാണ് ആശുപത്രി ചികിത്സയ്ക്ക് പരിരക്ഷ. നിലവിൽ അസുഖമുള്ളവർക്കുള്ള ചികിത്സാ ധനസഹായം 50,000 രൂപയാണ്. 60 വയസുവരെ സ്വാഭാവിക മരണത്തിന് ഒരു ലക്ഷം രൂപ നോമിനിക്ക് ലഭിക്കും. അപകട മരണങ്ങൾക്കും സ്ഥായിയായ അംഗവൈകല്യത്തിനും ഏഴുലക്ഷം രൂപ വരെയാണ് പരിരക്ഷ. ഇതിന് പുറമേ മരണപ്പെട്ടയാളുടെ രണ്ട് കുട്ടികൾക്ക് 50,000 രൂപവരെ വിദ്യാഭ്യാസ ധനസഹായവും ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ്ലെസ് ആയും മറ്റിടങ്ങളിൽ റീ ഇമ്പേഴ്സ്മെന്റായും ക്ലെയിം ലഭിക്കും. അതിർത്തി ജില്ലയായതിനാൽ തമിഴ്നാട്ടിലെ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ആശുപത്രി വിട്ടാൽ രണ്ടു മാസം വരെ തുടർ ചികിത്സയ്ക്കും പദ്ധതി സേവനമുണ്ടാകും.

മാത്യുവിന് ഇൻഷുറൻസില്ലായിരുന്നു

മാത്യു ബെന്നി ദുരന്തമുണ്ടാകുമ്പോൾ തന്റെ പശുക്കൾക്ക് ഇൻഷുറൻസ് എടുത്തിരുന്നില്ല. പിന്നീട് ഇൻഷ്വറൻസുള്ള അഞ്ച് കറവ പശുക്കളെ ലൈവ്‌സ്റ്റോക്ക് ബോർഡ് വഴി മന്ത്രി ജെ. ചി‌ഞ്ചുറാണി നൽകിയത്.

ക്ലെയിം ലഭിച്ചത് 56,97,258 രൂപ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 56,97,258 രൂപയാണ് ജില്ലയിലെ ക്ഷീര കർഷകർക്ക് ക്ലെയിം ലഭിച്ചത്. ആകെ 220 അപേക്ഷകൾ വന്നു. ഇതിൽ 11 അപേക്ഷകളിലൊഴികെ മറ്റെല്ലാവർക്കും പരിരക്ഷ ലഭ്യമായെന്ന് അധികൃതർ പറഞ്ഞു. 144 ക്ലെയിമുകൾ ക്യാഷ്ലെസ് ആയി നൽകി. സ്വാഭാവിക മരണമുണ്ടായ രണ്ടുപേരുടെ നോമിനികൾക്ക് ഓരോലക്ഷം രൂപവീതം ലഭിച്ചു. ഈ വർഷം ഇതുവരെ 225ഓളം പേർ പദ്ധതിയുടെ ഭാഗമായി.

സബ്സിഡിയോടെ സാന്ത്വനം
ആദ്യം ചേരുന്ന 18,200 പേർക്കാണ് സർക്കാർ സബ്സിഡി വിഹിതം കിട്ടുക. 3175 രൂപയാണ് പ്രീമിയത്തിൽ സർക്കാർ ഇളവ്. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് സബ്സിഡിക്ക് ശേഷം 3815 രൂപയാണ് പ്രീമിയം. ജീവിതപങ്കാളിയെ ഉൾപ്പെടുത്താൻ 4800 രൂപയും ഒരുകുട്ടിക്ക് 2600 രൂപയുമാകും. 60 മുതൽ 80 വരെ പ്രായമുള്ളവർക്ക് 3479 രൂപയും. സംഘം ജീവനക്കാർക്കും പദ്ധതിയിൽ ചേരാം. ഇവർക്ക് സബ്സിഡി ലഭിക്കില്ല.