മൂന്നാർ: പുതുവത്സരത്തലേന്നും മൂന്നാറിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. തിങ്കളാഴ്ച രാത്രി 9.30ന് തിരക്കേറിയ പെരിയവര ജങ്ഷനിലിറങ്ങിയ പടയപ്പ മൂന്നാർ- ഉടുമൽപ്പേട്ട അന്തസംസ്ഥാന പാതയിൽ ഏറെനേരം നടന്ന ശേഷം സ്വകാര്യ ട്രാൻസ്‌പോർട്ടിങ് കമ്പനിയുടെ ലോറി തടഞ്ഞ് കണ്ണാടി തകർത്തു. പിന്നീട് അരമണിക്കൂറോളം വാഹനങ്ങൾ തടഞ്ഞു. ആന റോഡിൽ നിലയുറപ്പിച്ചതോടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി. വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം രണ്ട് പലചരക്ക് കടയും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു. ഗൂഡാർവിള എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ വിനോദ്, വേൽരാജ് എന്നിവരുടെ പലചരക്ക് കടകളാണ് തകർത്തത്. പിന്നീട് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും ആനകൾ തകർത്തു. ആറ് ആനയാണ് ഇറങ്ങിയത്. രാവിലെ 7 വരെ പ്രദേശത്ത് നടന്ന ആനക്കൂട്ടത്തെ ആർ.ആർ.ടി സംഘമാണ് തുരത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴിന് കന്നിമല ടോപ് ഡിവിഷനിലെ തേയില തോട്ടത്തിൽ കൊളുന്തെടുക്കാനെത്തിയ തൊഴിലാളികൾ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടി. ജോലിക്ക് എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കാട്ടാനകൂട്ടത്തിന് മുമ്പിൽ പെടുകയായിരുന്നു. നാല് ആനയാണ് പതിനഞ്ചാം നമ്പർ ഫീൽഡിൽ നിലയുറപ്പിച്ചിരുന്നത്. ആനക്കൂട്ടത്തെ കണ്ട് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കേറ്റില്ല. ആനകൾ സ്ഥലത്ത് നിന്ന് പിന്മാറാതെ വന്നതോടെ തൊഴിലാളികളെ ജോലിക്കായി മറ്റൊരു ഫീൽഡിലേക്ക് മാറ്റി.