ഇടുക്കി: കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായി വനംവകുപ്പു മേധാവിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ വനം, റവന്യൂ, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. വന്യമൃഗങ്ങൾ ജനവാസമേഖലയിൽ കടന്നുകയറി നടത്തുന്ന അക്രമങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എം.പി, എം.എൽ.എ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ അറിയണം. സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് വനം വകുപ്പു മേധാവിയും ജില്ലാ കളക്ടറും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കണം. വനം വകുപ്പു മേധാവിയും ജില്ലാ കളക്ടറും നിയോഗിക്കുന്ന ഡി.എഫ്.ഒ യും ആർ.ഡി.ഒ യും ഫെബ്രുവരി 18 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ജനവാസമേഖലയിൽ വന്യജീവികൾ നടത്തുന്ന ആക്രമണം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി ഫലപ്രദമായ പ്രതിരോധ നടപടികൾ അടങ്ങിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.