കാഞ്ഞങ്ങാട്: കൊവിഡ് കാലത്ത് ഓട്ടം നിർത്തിയ സ്വകാര്യ ബസുകൾ സർവീസ് പുനഃസ്ഥാപിക്കാത്തത് രാത്രികാല യാത്രക്കാരെ പെരുവഴിയിൽ നിർത്തുന്നു. സന്ധ്യമയങ്ങിയാൽ നീലേശ്വരത്തേക്കും മറ്റും ബസ് കിട്ടാൻ പാടു തന്നെ. കാഞ്ഞങ്ങാടിന്റെയും നീലേശ്വരത്തിന്റെയും കിഴക്കൻ മേഖലയിലെ ഗ്രാമങ്ങളിലേക്ക് രാത്രി വൈകിയും പുലർച്ചെയുമുള്ള ട്രിപ്പുകൾ സ്വകാര്യ ബസുകൾ പുനസ്ഥാപിക്കാത്തതാണ് സാധാരണക്കാരായ യാത്രക്കാർക്ക് ദുരിതമായത്. കൊവിഡ്കാലത്തെ ലോക്ക് ഡൗൺ പ്രതിസന്ധി അവസരമാക്കി നിർത്തിയ ട്രിപ്പുകളാണ് വർഷങ്ങളായിട്ടും പുനരാരംഭിക്കാത്തത്. ഇതോടെ രാത്രി ഏഴ് മണി കഴിഞ്ഞാൽ പോലും പല സ്ഥലത്തേക്കും യാത്രാ സൗകര്യമില്ല. ജോലി കഴിഞ്ഞെത്തുന്നവർ ഓട്ടോയ്ക്ക് ഭാരിച്ച വാടക നൽകിയാണ് വീടുകളിലേക്ക് തിരിച്ചെത്തുന്നത്. രാവിലെയുള്ള ആദ്യത്തെ ട്രിപ്പുകളും മുടക്കുന്നതോടെ ട്രെയിനിൽ കണ്ണൂർ, മംഗളൂരു ഭാഗത്തേക്ക് പോകേണ്ടവരും ദുരിതത്തിലായിട്ടുണ്ട്. ബിരിക്കുളം, മയ്യങ്ങാനം, പെരിയങ്ങാനം ഭാഗത്തുള്ളവർക്ക് നേരത്തെ 6.20ന് നീലേശ്വരത്തേക്ക് ബസുണ്ടായിരുന്നു. ഈ ബസ് ആദ്യത്തെ ട്രിപ്പ് ഓടാത്തതോടെ ഇപ്പോൾ ഏഴ് മണിക്കേ നഗരത്തിലേക്ക് പോകാനാകൂ. രാത്രി വീട്ടിലേക്ക് മടങ്ങാനും ഇതേ പ്രയാസമുണ്ട്. രാത്രി ബിരിക്കുളം വരെ ഓടേണ്ട ബസാകട്ടെ ചോയ്യംകോട് വരെ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. നീലേശ്വരത്ത് നിന്ന് നേരത്തെ എട്ട് മണി വരെ കിഴക്കൻ ഭാഗത്തേക്ക് ബസുണ്ടായിരുന്നു. ഇതൊക്കെ ഓടാത്തതോടെ രാത്രി മംഗളയ്ക്കും പരശുറാമിനും മലബാറിനും വരുന്നവരെല്ലാം പെരുവഴിയിലാകുകയാണ്. പെർമിറ്റ് വാങ്ങിയ ശേഷം ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ പിഴ ചുമത്താൻ മോട്ടോർ വാഹനവകുപ്പിന് അധികാരമുണ്ടെങ്കിലും പരാതി നൽകിയാൽ പോലും നടപടിയെടുക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.