കണ്ണൂർ: ന്യൂജൻ മയക്കുമരുന്നുകൾക്കൊപ്പം നിരോധിത പുകയിലയുടെയും കഞ്ചാവിന്റെയും ഹബ്ബായി ജില്ല മാറുന്നു. മയക്കുമരുന്ന്, കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജില്ലയിൽ ഈ വർഷം 400 കേസുകൾ രജിസ്റ്റർ ചെയ്തു. 407 പേർ അറസ്റ്റിലുമായി. ജില്ലയിൽ യുവാക്കൾക്കിടയിൽ അതിമാരക ന്യൂജൻ ലഹരി പിടിമുറുക്കുമ്പോഴും കഞ്ചാവ് ഉപയോഗവും പിറകോട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഞ്ചാവുമായി പിടിയിലാകുന്നതിൽ ഭൂരിഭാഗവും ഒന്നിലേറെ കേസിൽ പ്രതികളായവരാണ്. കഞ്ചാവുകടത്ത് സ്ഥിരംതൊഴിലാക്കിയവർ ശിക്ഷിക്കപ്പെട്ടാലും വീണ്ടും കടത്തിനിറങ്ങുന്നത് വെല്ലുവിളിയാണെന്ന് എക്‌സൈസ് പൊലീസ് അധികൃതർ പറയുന്നു.

കണ്ണൂർ സെൻട്രൽ ജയിലിലടക്കം തടവുകാർക്കിടയിലും കഞ്ചാവ് മസ്റ്റാണ്. നേരത്തെ ബീഡിയും സിഗരറ്റുമായിരുന്നു ഒളിഞ്ഞും തെളിഞ്ഞും കടത്തിയിരുന്നതെങ്കിൽ നിലവിൽ മയക്കുമരുന്നും കഞ്ചാവുമായി. പച്ചക്കറികൾക്കൊപ്പവും മറ്റുമായി കടത്തുന്ന കഞ്ചാവ് ജയിൽ ഉദ്യോഗസ്ഥർ പിടികൂടുന്നത് പതിവാണ്. കഞ്ചാവ് കടത്ത് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് തടവുകാരനെ സഹതടവുകാരൻ മർദിക്കുന്ന സംഭവവുമുണ്ടായി.

യുപി, ആന്ധ്ര, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണു കഞ്ചാവ് കൊണ്ടുവന്നു വിൽപ്പനക്കാർ സൂക്ഷിക്കുന്നത്. ട്രെയിൻ മാർഗമാണ് പ്രധാന കടത്ത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ ദിവസം ആറരക്കിലോഗ്രാം കഞ്ചാവ് പിടിച്ചിരുന്നു. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആളില്ലാതെ കിടന്ന ഒരു ചാക്കിനകത്തുനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 30,000 രൂപ വിലവരും. ചെറിയ പൊതികളാക്കിയാണ് വിൽപന.


രാസലഹരിക്ക് പിന്നാലെയും

എം.ഡി.എം.എ എന്ന മാരക രാസലഹരിമരുന്നിന്റെ വഴിയെ ജില്ലയിലെ ലഹരിവിതരണ സംഘം സജീവമാണ്. തളിപ്പറമ്പ് കുറുമാത്തൂരിൽ ആഢംബര വാഹനത്തിൽ എം.ഡി.എം.എ കടത്തുന്നതിനിടെ രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. അഞ്ച് മൊബൈൽ ഫോണുകൾ, പ്രതികൾ സഞ്ചരിച്ച കെ.എൽ 59 വി 0707 നമ്പർ മഹീന്ദ്ര താർ ജീപ്പും കസ്റ്റഡിയിലെടുത്തു. കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.


മാറിവരുന്ന തന്ത്രങ്ങൾ

കൂട്ടുപുഴ സംസ്ഥാനാതിർത്തിയിൽ എക്‌സൈസും പൊലീസും ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെങ്കിലും കടത്തുന്നതിന്റെ മൂന്നിലൊന്ന് പോലും കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. മൈസൂരു, ബംഗളൂരു ഭാഗങ്ങളിൽനിന്നും എത്തിക്കുന്ന കഞ്ചാവ്, എം.ഡി.എം.എ. ഉൾപ്പെടെയുള്ളവ ഊടുവഴികളിലൂടെയും മറ്റും മലയോരത്തിന്റെ പ്രധാന ടൗണുകളിലും മറ്റും എത്തിക്കുന്നുണ്ട്.


പ്രധാനി പിടിയിൽ

ജില്ലയിലെ മയക്കുമരുന്ന് വിൽപന സംഘത്തിലെ പ്രധാനിയെ മണിക്കൂറുകൾ നീണ്ട സാഹസിക നീക്കത്തിലൂടെ ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടികൂടി. ശ്രീകണ്ഠപുരം അടുക്കത്തെ ചാപ്പയിൽ വരമ്പ് മുറിയൻ ഷബീറിനെയാണ് (42) തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ശ്രീകണ്ഠപുരം എസ്.ഐ എം.വി. ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ നിറക്കാൻ ഉപയോഗിക്കുന്ന 3500 പാക്കറ്റുകളും ലഹരിമരുന്ന് കത്തിച്ച് ഉപയോഗിക്കുന്നതിനുള്ള ബർണറും പിടിച്ചെടുത്തു. കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായതും കഴിഞ്ഞ ദിവസം. മാഫിയാ സംഘത്തിലെ പ്രധാനി പെരിങ്ങോം മാടക്കാംപൊയിൽ മേപ്രത്ത് വീട്ടിൽ സുഭാഷി (43) നെയാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനക്കിടെ തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ സംഘം അറസ്റ്റുചെയ്തത്.