തളിപ്പറമ്പ്: പദ്മശ്രീ ഡോ. യെല്ല വെങ്കിടേശ്വര റാവു മൃദംഗവാദനത്തിൽ തീർത്ത നാദവിസ്മയത്തോടെ പെരുഞ്ചെല്ലൂർ സാക്ഷ്യം വഹിച്ചത് 101-ാമത്തെ കച്ചേരി. തന്റെ എൺപതിഒന്നാം വയസ്സിലും മൂന്നു മണിക്കൂർ നേരം വിസ്മയം തീർക്കുകയായിരുന്നു ഡോ. യെല്ല വെങ്കിടേശ്വര റാവു.
പ്രത്യേക ക്ഷണം സ്വീകരിച്ച് വന്ന അദ്ദേഹം, പ്രശസ്ത യുവ സംഗീതജ്ഞൻ കുന്നക്കുടി എം. ബാലമുരളി കൃഷ്ണയുടെ വായ്പ്പാട്ടിന് പക്കമേളമൊരുക്കിയാണ് നീലകണ്ഠ അബോഡിൽ എത്തിയ സംഗീത ആസ്വാധകരെ കൈയിലെടുത്തത്. എം.എസ്. സുബ്ബുലക്ഷ്മി, രവിശങ്കർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എം ബാലമുരളീകൃഷ്ണ, എൽ. സുബ്രഹ്മണ്യം, കെ.ജെ. യേശുദാസ്, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, ഭീംസെൻ ജോഷി തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം കച്ചേരി അവതരിപ്പിച്ച ഡോ. യെല്ല വെങ്കിടേശ്വര റാവു ആദ്യമായാണ് പെരിഞ്ചെല്ലൂരിലെത്തിയത്.
തളിപ്പറമ്പിന്റെ രാജശില്പി എന്നറിയപ്പെടുന്ന പി. നീലകണ്ഠ അയ്യരുടെ ചെറുമകൻ വിജയ് നീലകണ്ഠൻ തുടക്കം കുറിച്ചതാണ് പെരിഞ്ചെല്ലൂർ സംഗീത സഭയും, നീലകണ്ഠ അബോഡിൽ ആരംഭിച്ച ആനന്ദ സമർപ്പൺ കച്ചേരികളും. രാജ്യത്തെ അറിയപ്പെടുന്ന സംഗീതജ്ഞരെ പെരിഞ്ചെല്ലൂർ സംഗീത സഭയിലെത്തിച്ച് കച്ചേരികൾ നടത്തിയതിലൂടെ ശുദ്ധ സംഗീതാസ്വാദനത്തിന് വഴിയൊരുക്കി. 101 കച്ചേരികളാണ് കഴിഞ്ഞ 8 വർഷത്തിനിടയിൽ ഇവിടെ അരങ്ങേറിയത്.