 
കണ്ണൂർ: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു
കാസർകോട്: ഡിസംബർ രണ്ടിന് കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. എ.ഡി.എം പിഅഖിലിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. ദേശീയപാതയിൽ ചെർക്കള- ചട്ടഞ്ചാൽ ,ചെറുവത്തൂർ വീരമലക്കുന്ന് തുടങ്ങി നിർമ്മാണം നടക്കുന്ന മേഖലയിലും ജാഗ്രത പാലിക്കണം .റവന്യൂ ഫയർ ആൻഡ് റെസ്ക്യൂ പോലീസ് ആരോഗ്യം തദ്ദേശസ്വയംഭരണം ഫിഷറീസ് തുടങ്ങിയ വകുപ്പുകൾ ജാഗ്രത പാലിക്കാൻ എ.ഡി.എം നിർദ്ദേശം നൽകി .