കണ്ണൂർ: ജില്ലയിൽ വളരെ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയതിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയനെതിരെ വ്യാപക വിമർശനവും ട്രോളുകളും. ഞായറാഴ്ച അർദ്ധരാത്രിയാണ് അവധി പ്രഖ്യാപിച്ച് കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. 'രാത്രിയെ പകലാക്കി അധ്വാനിക്കുന്ന പാവം കളക്ടർ" എന്നാണ് പരിഹാസം. ഇന്നലെ നേരം പുലർന്നപ്പോഴാണ് അവധിയാണെന്ന കാര്യം പലരും അറിയുന്നത്. മൊബൈൽ നോക്കാൻ സമയം കിട്ടാത്തവർ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പുകളും നടത്തി. കണ്ണൂരിനൊപ്പം മഴ മുന്നറിയിപ്പ് ലഭിച്ചിരുന്ന വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസം രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.