 
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന്റെ നീളം കൂട്ടി ഇറങ്ങാനുള്ള എസ്‌കലേറ്ററും സ്ഥാപിച്ചു. ദീർഘകാലമായി ഒന്നാം പ്ളാറ്റ്‌ഫോമിൽ അടച്ചിട്ടിരുന്ന ടിക്കറ്റ് കൗണ്ടർ നീളം കൂട്ടി വിപുലീകരിച്ച് യാത്രക്കാർക്ക് തുറന്നു കൊടുത്തു. കൗണ്ടറിനെ ആശ്രയിക്കാതെ തന്നെ യാത്രക്കാർക്ക് സ്വയം ടിക്കറ്റ് എടുക്കാൻ ആറ് വെൻഡിംഗ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്.
സ്വയം ടിക്കറ്റ് എടുക്കാൻ അറിയാത്തവർക്ക് എടുത്ത് നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി യായിരിക്കുമ്പോൾ മുകളിലേക്ക് പോകാനുള്ള എസ്‌ക്കലേറ്റർ സ്ഥാപിച്ചിരുന്നുവെങ്കിലും താഴേക്കുള്ള സംവിധാനമില്ലായിരുന്നു. ഇപ്പോൾ താഴെക്ക് വരാനുള്ള എസ്‌ക്കലേറ്ററും റെയിൽവേ സ്ഥാപിച്ചിരിക്കുകയാണ്.
റെയിൽവേ പാസ്സഞ്ചർ അസോസിയേഷന്റെ ദീർഘകാലത്തെ ആവശ്യമായിരുന്നു ടിക്കറ്റ് കൗണ്ടർ വിപുലീകരണവും, ഇറങ്ങാനുള്ള എസ്‌കലേറ്ററും.
അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി അവ പൂർത്തീകരിച്ചതിനു ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജരെയും ബന്ധപ്പെട്ട ഉദ്യേഗസ്ഥരെയും അഭിനന്ദനമറിയിച്ച് പാസ്സഞ്ചർ അസോസിയേഷൻ സന്ദേശമയച്ചു.
ടിക്കറ്റ് കൗണ്ടർ നീളം കൂട്ടാൻ വേണ്ടി മുകൾ നിലയിലേക്ക് കയറാനുള്ള കോവണി പൊളിച്ചു നീക്കിയതിനാൽ മുകളിലത്തെ വിശാലമായ ഹാൾ ഉപയോഗിക്കാൻ കഴിയാതായിട്ടുണ്ട്. അതിനാൽ മുകളിലേക്ക് കയറാൻ ഉചിതമായ സ്ഥലത്ത് കോവണി സ്ഥാപിക്കണമെന്നും, രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലും എസ്‌കലേറ്റർ സ്ഥാപിക്കണമെന്നും ഡിവിഷണൽ റെയിൽവേ മാനേജരോട് തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.