edat
എടാട്ട് -ചെറാട്ട് പ്രദേശത്ത് നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡ് അടച്ച് വഴി തിരിച്ച് വിട്ട നിലയിൽ

പയ്യന്നൂർ: നാട്ടുകാരുടെ വഴിമുടക്കി ദേശീയപാത നിർമ്മാണം. അരനൂറ്റാണ്ടിലധികം പഴക്കമുള്ള എടനാട് - പയ്യന്നൂർ റോഡ് അടച്ച് വഴി തിരിച്ചുവിട്ടതാണ് ഈ പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ചുറ്രിക്കുന്നത്. എടാട്ട് ദേശത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുകയും പ്രദേശത്തിന്റെ പല ഭാഗങ്ങളിലേക്കും നിരവധി വഴികളായി സഞ്ചരിച്ച് മുഴുവൻ യാത്രാ പ്രശ്നം പരിഹരിക്കുന്ന ഏറ്റവും പ്രധാന റോഡ് പെട്ടെന്ന് ഗതി തിരിച്ചുവിട്ടതാണ് യാത്രക്കാർക്ക് ദുരിതമായത്.

എടനാട് ഉമാമഹേശ്വര ക്ഷേത്രം, കണ്ണങ്ങാട് ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും കാവുകളിലും പോകുവാൻ ഉപയോഗിക്കുന്നത് ഈ റോഡാണ്. പയ്യന്നൂർ കോളേജ്, കാലടി സംസ്കൃത സർവ്വകലാശാല, കണ്ണൂർ യൂനിവേഴ്സിറ്റി സെന്റർ, പി.ഇ.എസ്. വിദ്യാലയ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും മറ്റും എടാട്ട് - ചെറാട്ട് പ്രദേശത്തുകാർക്കുള്ള എളുപ്പവഴിയും ഈ റോഡാണ്.

പ്രദേശത്തുകാർ‌ അവരുടെ എല്ലാ മേഖലകളിലുമുള്ള ആവശ്യങ്ങൾക്കായി നിത്യവും പയ്യന്നൂരിനെയാണ് ആശ്രയിക്കുന്നത്. ആയിരക്കണക്കിന് ജനങ്ങളും നൂറുകണക്കിന്ന് വാഹനങ്ങളും ഈ പ്രധാന റോഡു വഴിയാണ് 50 വർഷത്തിലധിമായി പോയ്ക്കൊണ്ടിരിക്കുന്നത്. ഈ സൗകര്യമാണ് ഇപ്പോൾ പെട്ടെന്ന് ഇല്ലായ്മ ചെയ്തിരിക്കുന്നത്.

വട്ടംകറക്കുന്ന സൗകര്യങ്ങൾ

അര കിലോമീറ്ററോളം ദൂരെ പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ പുതുതായി നിർമ്മിക്കുന്ന അണ്ടർ പാസ് യാഥാർത്ഥ്യമായാൽ അതുവഴി ചുറ്റിവളഞ്ഞ് രണ്ട് കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം റോഡിന്റെ മറുഭാഗത്തെത്തി പെരുമ്പയിലെത്തുവാൻ. അണ്ടർ പാസ് പൂർത്തിയാകുന്നത് വരെ അതിലും ചുറ്റിവളയണം. പി.ഇ.എസ്. വിദ്യാലയത്തിന് മുൻപിൽ കൂടി നിർമ്മാണം നടക്കുന്ന ദേശീയപാത മുറിച്ച് മറുവശം കടക്കുന്നതിനുള്ള സൗകര്യമാണ് താൽക്കാലികമായി ഒരുക്കിയിരിക്കുന്നത്.

പ്രദേശത്തെ ജനങ്ങളെ എന്നന്നേക്കുമായി യാത്രാ ദുരിതത്തിലാഴ്ത്തുന്ന അധികൃതരുടെ തല തിരിഞ്ഞ നടപടി പിൻവലിക്കണം. കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പിൽ ചെറിയ ഒരു അണ്ടർപാസ്സ് അനുവദിക്കണം, അതും സാധ്യമല്ലെങ്കിൽ ഇപ്പോൾ നിർമ്മിക്കുന്ന അണ്ടർപാസ് വരെ റോഡ് വീതി കൂട്ടി രണ്ടു ഭാഗത്തേക്കും യാത്രക്കുള്ള സൗകര്യം അനുവദിക്കണം. ഇക്കാര്യമുന്നയിച്ച് ശക്തമായ സമരത്തിനൊരുങ്ങുകയാണ്.

നാട്ടുകാർ