
കണ്ണൂർ: വളപട്ടണത്തെ കവർച്ചയിൽ പ്രതിയുടെ അറസ്റ്റിന് നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. അജിത്ത് കുമാർ പറഞ്ഞു. മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായത് ഈ ദൃശ്യങ്ങളിലൂടെയാണ്. മോഷണം നടന്ന വീട്ടിൽ ഡമ്മി ഉപയോഗിച്ച് ഡെമോ പരിശോധനയും നടത്തി.
ഇന്ത്യ മുഴുവനായി നേരത്തെ പിടിയിലായ കഷണ്ടിയുള്ള കള്ളൻമാരുടെ ലിസ്റ്റ് തന്നെ പൊലീസ് ശേഖരിച്ചു. വിരലടയാളവും ടവർ ലൊക്കേഷനും പരിശോധിച്ചു. അവർ ആരെങ്കിലും കേരളത്തിലേക്ക് വന്നോ എന്ന് പരിശോധിച്ചു.ഒരാൾ വടകര വരെ വന്നു .പക്ഷെ കണ്ണൂരിലേക്ക് വന്നിട്ടില്ല.
ദൃശ്യങ്ങൾക്കൊപ്പം തന്നെ വിരലടയാളങ്ങളും നിർണായകമായി. മോഷണത്തിന് എത്തിയപ്പോൾ തെളിവ് നശിപ്പിക്കാനും ദൃശ്യങ്ങൾ പതിയാതിരിക്കാനും ഒരു കാമറ പ്രതി തിരിച്ചുവച്ചിരുന്നു.എന്നാൽ അബദ്ധത്തിൽ തിരിച്ചുവച്ചത് മുറിയുടെ ഉള്ളിലേക്കായിരുന്നു. മുറിയുടെ ഉള്ളിലേക്ക് തിരിച്ചു വച്ച ഈ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.